മട്ടന്നൂർ: വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ വൈദ്യുതി എത്തിക്കുന്നതിനായി സബ് സ്റ്റേഷന്റെ നിർമ്മാണം ഉടൻ തുടങ്ങും. സബ് സ്റ്റേഷന് വേണ്ടി പാർക്കിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട് . കെ.എസ്.ഇ.ബിയുമായി ചർച്ച നടത്തി വരികയാണെന്നും അന്തിമ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കിൻഫ്ര അധികൃതർ പറഞ്ഞു.

വെള്ളിയാംപറമ്പിൽ 140 ഏക്കർ സ്ഥലമാണ് വ്യവസായ പാർക്കിനായി ഏറ്റെടുത്തിട്ടുള്ളത്. പാർക്കിൽ 13 കോടി രൂപയോളം ചെലവിട്ട് റോഡും ജലസംഭരണി ഉൾപ്പടെയുള്ളവയും നിർമിച്ചിരുന്നു. ഇനി വൈദ്യുതി, വെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തിയാൽ പാർക്കിൽ സംരംഭകർക്ക് വ്യവസായം തുടങ്ങാൻ സ്ഥലം വിട്ടു നൽകാൻ കഴിയും. വെള്ളമെത്തിക്കുന്നതിന് പമ്പിംഗ് സ്റ്റേഷൻ തുടങ്ങാൻ കിൻഫ്ര 40 സെന്റ് സ്ഥലം വാട്ടർ അതോറിറ്റിക്ക് കൈമാറും. തുടർന്ന് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടത്തും.

കൊവിഡ് പ്രവൃത്തിയെ ബാധിച്ചു

തറക്കല്ലിടൽ കഴിഞ്ഞ് ഒരു വർഷത്തിലധികം കാലം വ്യവസായ പാർക്കിനുള്ള പ്രവൃത്തികൾ മന്ദഗതിയിലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് റോഡ് ഉൾപ്പടെയുള്ള ആദ്യഘട്ട വികസന പദ്ധതികൾ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തത്. 2021 നിർമാണ പ്രവൃത്തി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കൊവിഡ് ലോക്ക് ഡൗൺ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ട്.

5000 പേർക്ക് തൊഴിൽ സാദ്ധ്യത

വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്‌സ് പ്രവർത്തനം തുടങ്ങുന്നതോടെ കയറ്റുമതി സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനാണ് വ്യവസായ പാർക്ക് വഴി ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ 5000 ത്തോളം പേർക്ക് തൊഴിൽ സാദ്ധ്യതയുണ്ട്. എക്‌സ്‌പോർട്ട് എൻക്ലേവ്, അന്താരാഷ്ട്ര കൺവെൻഷൻ-എക്‌സിബിഷൻ സെന്റർ, ഇലക്ട്രോണിക്സ് വാഹന നിർമാണ യൂണിറ്റ് തുടങ്ങിയ പദ്ധതികളും വ്യവസായ പാർക്കിനോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.