kovid-kannur

10 പേർ ആരോഗ്യ പ്രവർത്തകർ

കണ്ണൂർ: ജില്ലയിൽ 18 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മൂന്നു പേർ വിദേശത്തു നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 10 പേർ ആരോഗ്യ പ്രവർത്തകരാണ്. കൊവിഡ് ബാധിച്ച 102 കണ്ണൂർ സ്വദേശികൾ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു. ഇത്രയും പേർ ഒരു ദിവസം രോഗമുക്തി നേടുന്നത് ഇതാദ്യമായാണ്.
കണ്ണൂർ വിമാനത്താവളം വഴി ജൂലായ് ഒൻപതിന് സൗദി അറേബ്യയിൽ നിന്ന് 6ഇ 9345 വിമാനത്തിലെത്തിയ കതിരൂർ സ്വദേശി 33കാരൻ, 19ന് ദുബായിൽ നിന്നെത്തിയ പാനൂർ സ്വദേശി 63കാരൻ, കരിപ്പൂർ വിമാനത്താവളം വഴി 10ന് സൗദി അറേബ്യയിൽ നിന്ന് 6ഇ 9375 വിമാനത്തിലെത്തിയ ഏഴോം സ്വദേശി 29കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
ഏഴിന് ചെന്നൈയിൽ നിന്നെത്തിയ പേരാവൂർ സ്വദേശി 27കാരൻ, ഒൻപതിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെമ്പിലോട് സ്വദേശി 34കാരി, 18ന് ബംഗളൂരുവിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി 35കാരൻ, 21ന് മൈസൂരിൽ നിന്നെത്തിയ പാനൂർ സ്വദേശി 57കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.

പാപ്പിനിശ്ശേരി സ്വദേശി 70കാരനാണ് സമ്പർക്കം വഴി രോഗബാധിതനായത്. കീച്ചേരിക്ക് സമീപത്തെ കൂലി പണിക്കാരനായ മദ്ധ്യവയസ്കനാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടയിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജൂലായ് 20ന് രാത്രി കീച്ചേരിയിൽ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. പിൻഭാഗത്ത് നിന്നും വന്ന ബൈക്കിടിച്ചാണ് ഇയാൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിയത്. പരിക്ക് അതീവ ഗുരതരമാണ്. കീച്ചേരിയിലും പരിസരങ്ങളിലും സജീവ സാന്നിദ്ധ്യമായ ആൾക്ക് രോഗം സ്ഥിരീകരിച്ചതോടെ നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടിവരും. അടുത്ത കാലത്ത് മരണം നടന്ന വീടുകളിലും മറ്റു പൊതുസ്ഥലങ്ങളിലും അപകടത്തിൽപ്പെടുന്നത് വരെ അദ്ദേഹത്തിന്റെ സജീവ സന്നിദ്ധ്യമുണ്ടായിരുന്നുവെന്നും പറയുന്നു.

കേളകം സ്വദേശി 34കാരി (സ്റ്റാഫ് നഴ്സ്), കണ്ണൂർ സ്വദേശി 32കാരൻ (ഡോക്ടർ), ചെറുതാഴം സ്വദേശി 29കാരി (ഡോക്ടർ, പിജി റസിഡന്റ്), കുറുമാത്തൂർ സ്വദേശി 33കാരി (നഴ്സിംഗ് അറ്റന്റന്റ്), കടന്നപ്പള്ളി സ്വദേശി 43കാരി (നഴ്സിംഗ് അറ്റന്റന്റ്), പട്ടുവം സ്വദേശി 25കാരി (സ്റ്റാഫ് നഴ്സ്), കടന്നപ്പള്ളി സ്വദേശി 21കാരൻ (ഡയാലിസിസ് ടെക്നീഷ്യൻ), ഏഴോം സ്വദേശി 53കാരി (ക്ലീനിംഗ് സ്റ്റാഫ്), എറണാകുളം സ്വദേശി 27കാരൻ (ഡോക്ടർ), പരിയാരം സ്വദേശി 45കാരി (സ്റ്റാഫ് നഴ്സ്) എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവർത്തകർ.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1096 ആയി. ഇതിൽ 653 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ നിരീക്ഷണത്തിലുള്ളത് 13431 പേരാണ്. 24855 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 24001 എണ്ണത്തിന്റെ ഫലം വന്നു. 854 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


12 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ
ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷനിലെ 50ാം ഡിവിഷനും പേരാവൂർ 6, കതിരൂർ 1, ചെറുതാഴം 10 എന്നീ വാർഡുകളുമാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്.
ഇവിടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് ബാധയെന്നതിനാൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിൻമെന്റ് സോണുകളാക്കുക. സമ്പർക്കം മൂലം രോഗബാധയുണ്ടായ ചിറക്കൽ 6, ചെറുതാഴം 16, പട്ടുവം 6, 9, കടന്നപ്പള്ളി പാണപ്പുഴ 11, 13, കുറുമാത്തൂർ 10, പാപ്പിനിശ്ശേരി 5 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.