police

മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം

പൊലീസ് സ്റ്റേഷൻ പരിധികളിൽ അപ്രഖ്യാപിത ലോക്ക് ഡൗൺ

കാസർകോട്: സമ്പർക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷൻ പരിധിയി? ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച അർദ്ധരാത്രി 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് നിരോധനാജ്ഞ.

രോഗവ്യാപനം അതിതീവ്രതയിലേക്ക് കടന്ന മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളാണ് പൂർണമായും അടച്ചത്. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്ന് പേരെടുത്തു പറയാതെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

ആഭ്യന്തര ഓട്ടോ ടാക്സി സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ തടഞ്ഞിട്ടുണ്ട്. അതേസമയം സ്വകാര്യ വാഹനങ്ങൾ ഓടുന്നതു സംബന്ധിച്ചോ ബസ് സർവീസുകളെ പറ്റിയോ ഉത്തരവിൽ പരാമർശമില്ല. പൊതു ഇടങ്ങളിലെ കൂട്ടംകൂടലും അനാവശ്യയാത്രകളും നിരോധിച്ചു.

നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ 11 മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ പ്രവർത്തിക്കാൻ അനുവദിക്കും. സാനിറ്റൈസർ ഉപയോഗം, മാസ്ക് ധരിക്കൽ, രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കൽ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം നൂറു കടന്നതും ഭൂരിഭാഗവും സമ്പർക്കത്തിലൂടെയും ഉറവിടം അറിയാതെയുമുള്ള കേസുകളായി മാറിയതിലും ആരോഗ്യവകുപ്പ് കടുത്ത ആശങ്കയിലായിരുന്നു.

നാല് പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴിവാക്കി

കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നാലു പൊലീസ് സ്റ്റേഷൻ പരിധികൾ നിരോധനാജ്ഞ പ്രഖ്യാപിച്ചതിൽ നിന്ന് ഒഴിവാക്കി. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ചെമ്മനാട്, ചെങ്കള, ബദിയടുക്ക പഞ്ചായത്തുകൾ വരുന്ന മേൽപറമ്പ്, വിദ്യാനഗർ, ബദിയടുക്ക, ആദൂർ പൊലീസ് സ്റ്റേഷനുകൾ ആണ് നിയന്ത്രണത്തിൽ നിന്ന് ഒഴിവായത്. നേരത്തെ തന്നെ അടച്ചുപൂട്ടിയ നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്.

ബൈറ്റ്

നിരോധനാജ്ഞയും നിയന്ത്രണവും കർശനമായി നടപ്പിലാക്കുന്നതിന് പൊലീസ് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കും. ഇതിനായി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുന്നതിന് ജില്ലാ പൊലീസ് ചീഫ് നിർദ്ദേശം നൽകിയിട്ടുണ്ട്.

എം. സുനിൽകുമാർ

(കാസർകോട് സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി)