പഴയങ്ങാടി: കൊവിഡ് വ്യാപനത്തിനിടെയും പിടിവിടാതെ ലഹരിമാഫിയ. മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ലഹരി വസ്തുക്കളുടെ വില്പന നടക്കുന്നതായാണ് ആക്ഷേപം. കഴിഞ്ഞദിവസം കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ എ. ഹേമന്ത്കുമാറും പാർട്ടിയും മാടായി പഞ്ചായത്തിലെ മൊട്ടാമ്പ്രത്ത് വെച്ച് മൂന്ന് കൊറിയർ പെട്ടിയിൽ ആയി സൂക്ഷിച്ച മയക്കുമരുന്ന് ഇനത്തിൽപെട്ട 80 നെട്രൊസേപാം ഗുളികകൾ പിടിച്ചെടുത്തു. എക്സൈസ് സംഘം പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം മൊട്ടാമ്പ്രത്തെ ഒരു കടയിൽ കൊറിയർ പെട്ടികൾ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. മാടായിപ്പാറയിൽ കഴിഞ്ഞ ദിവസം കഞ്ചാവുമായി മൂന്ന് യുവാക്കളെയാണ് പഴയങ്ങാടി പൊലീസ് പിടികൂടിയത്.
ജനശ്രദ്ധ എളുപ്പത്തിൽ ചെന്നുപെടാത്ത മാടായിപ്പാറയിൽ മയക്കുമരുന്ന് സംഘം തമ്പടിക്കുന്നതായി പരാതിയുണ്ട്. എളുപ്പത്തിൽ എത്തിച്ചേരാവുന്നതും ഏക്കർകണക്കിന് പരന്നു കിടക്കുന്നതുമായ മാടായിപ്പാറയിൽ ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധയിൽപ്പെടില്ലന്ന കാരണത്താൽ ആണ് സംഘം ഇവിടെ താവളമാക്കുന്നത്. രാത്രി കാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നും മറ്റുമായി വിദ്യാർത്ഥികൾ അടക്കമുള്ളവർ ആവശ്യക്കാരായി ഇവിടെ എത്തുന്നുണ്ട്. ലഹരി മാഫിയ സംഘത്തിൽ കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾ ഉള്ളതായും പറയപ്പെടുന്നു. കോംപ്ളക്‌സുകളിൽ അവധിദിവസങ്ങളിലെ രാത്രികാലങ്ങളിലാണ് വില്പന.
താവളങ്ങൾ മാറി
പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, ഓവർബ്രിഡ്ജ്, അടഞ്ഞുകിടക്കുന്ന സ്‌കൂൾ -കോളേജുകൾക്ക് സമീപം തുടങ്ങിയിടങ്ങൾ കേന്ദ്രീകരിച്ചാണ് മുമ്പ് മയക്കുമരുന്ന് വില്പന നടന്നിരുന്നതെങ്കിൽ മാടായി പഞ്ചായത്തിലെ മാടായിപ്പാറ, മൊട്ടാമ്പ്രം, പുതിയങ്ങാടി, മാട്ടൂൽ പഞ്ചായത്തിലെ ജസിന്ത സ്റ്റോപ്പ്, സിദീക്കാബാദ്, മാട്ടൂൽ സൗത്ത് തുടങ്ങിയ സ്ഥലങ്ങളിലും പഴയങ്ങാടിയിലെ ചില കോംപ്ളക്‌സുകളുമാണ് ഇപ്പോൾ വില്പന കേന്ദ്രങ്ങളെന്നും പറയുന്നു. പൊലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണം ഈ ഭാഗങ്ങളിൽ ഇല്ലാത്തത് ആണ് ഈ പ്രദേശങ്ങളിൽ തഴച്ച് വളരുവാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കെണിയായി 'ന്യൂജെൻ"
മുൻകാലങ്ങളിൽ കഞ്ചാവാണ് വില്പന നടന്നിരുന്നതെങ്കിൽ ഇപ്പോൾ വിദ്യാർത്ഥികളെ കെണിയിലാക്കാനായി എൽ.എസ്.ഡിയും മനുഷ്യശരീരത്തെ മാരകമായി ബാധിക്കുന്ന വേദന സംഹാരി ഗുളികകളും ലഹരി മിഠായികളുമാണ് വില്പന നടത്തുന്നത്. വായ്ക്കുള്ളിൽ നാവിലോ മറ്റു ഭാഗങ്ങളിലോ ഒട്ടിച്ച് വെക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ് മറ്റുള്ളവർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്. ചൂട്ടാട് ബീച്ചും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുയിരുന്നുവെങ്കിലും പാർക്കുകൾ പ്രവർത്തിക്കാത്തത് കാരണം ഇവിടങ്ങളിലെ വില്പന അല്പം കുറഞ്ഞിട്ടുണ്ട്.