നവവരനെതിരെ കേസ്
കണ്ണൂർ: കൊവിഡ് പ്രതിരോധ നിയമം ലംഘിച്ച് വിവാഹ സത്കാരം നടത്തുകയും ഇതിൽ പങ്കെടുത്ത മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സംഭവത്തിൽ നവവരനെതിരേ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. സിറ്റി മരക്കാർക്കണ്ടി സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്. ജൂലായ് ഒമ്പതിനാണ് മഞ്ചേശ്വരം സ്വദേശിനിയുമായുള്ള യുവാവിന്റെ വിവാഹം നടന്നത്. ഇതേത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായവർക്കായി 11 ന് മരക്കാർക്കണ്ടിയിലെ വീട്ടിൽ സത്കാരവും നടത്തി.
ചടങ്ങിൽ മഞ്ചേശ്വരത്തു നിന്നുള്ള പത്തു പേരും കോഴിക്കോട് നിന്നുള്ള മൂന്നു പേരുമടക്കം അമ്പതിലേറെ പേർ പങ്കെടുത്തിരുന്നു. ഇതിൽ കോഴിക്കോട് നിന്നു പങ്കെടുത്തവരിൽ ഒരാൾക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ വരന്റെ ബന്ധുവിനും സത്കാരത്തിൽ പങ്കെടുത്ത പുഴാതി സ്വദേശിക്കും കൊവിഡ് പോസിറ്റീവ് ആയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇതോടെ ഇവരുമായി നേരിട്ടു ബന്ധപ്പെട്ട 55 പേർ ക്വാറന്റൈനിൽ പോയി. സമ്പർക്കത്തിലായ കൂടുതൽ പേരുടെ ലിസ്റ്റ് തയാറാക്കി വരികയാണ്.