മാഹി: ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിൽ നിലവിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രമോഷൻ കിട്ടി പുതുച്ചേരിക്ക് പോയതിന് ശേഷം നാഥനില്ലാ കളരി. കസേരയൊഴിഞ്ഞു കിടക്കുന്നത് നാലര മാസത്തോളമായി. ഈ വർഷം ആദ്യം മുതൽ ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു വെഹിക്കിൾ ഇൻസ്‌പെക്ടർ പുതുച്ചേരി മോട്ടോർ വാഹന വകുപ്പിൽ നിന്നും എത്തിയിരുന്നത്. ബാക്കി മൂന്ന് ദിവസം ഇദ്ദേഹം പുതുച്ചേരിയിലും ജോലി ചെയ്യണം. എന്നാൽ മാർച്ച് 23ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ആഴ്ചയിൽ രണ്ട് ദിവസം ഡ്യൂട്ടിയ്ക്ക് എത്താറുള്ള ഓഫീസറും വരാതായി. ഇതോടെയാണ് മാഹി ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിൽ നാഥനില്ലാത്ത സ്ഥിതിയായിരിക്കുന്നത്.
വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് പുതുക്കൽ, പെർമിറ്റ്, ഫിറ്റ്നസ്, ഓതെറൈസേഷൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ആർ.ടി.ഒ.ഇല്ലാത്തതിനാൽ അപകടം സംഭവിച്ച വാഹനങ്ങൾ വിവിധ പൊലീസ് സ്റ്റേഷനു സമീപം റോഡരികിൽ വെയിലും മഴയുമേറ്റ് തുരുമ്പെടുക്കുവാൻ തുടങ്ങി. എഫ്.ഐ.ആർ ചുമത്തിയ അപകടത്തിൽ പെട്ട വാഹന ഉടമകൾ നിത്യേന പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. ആർ.ടി.ഒ പരിശോധന നടത്താതെ വാഹനങ്ങൾ വിട്ടുനൽകാനാവില്ല .ആയിരക്കണക്കിന് അപേക്ഷകർ വിവിധ ആവശ്യങ്ങൾക്കായി കാത്ത് കെട്ടി കിടപ്പാണ്. ലേണേഴ്സ് ലൈസൻസ് എടുത്ത് ലൈസൻസിനായി ടെസ്റ്റ് കാത്തു കിടക്കുന്നവർ തന്നെ എണ്ണൂറോളമുണ്ട്. ലൈസൻസ് പുതുക്കലിന് സമയം സപ്തംബർ 30 വരെ പിഴയില്ലാതെ അടയ്ക്കുവാൻ ദീർഘിപ്പിച്ചു കൊടുത്തതാണ് ഏക ആശ്വാസം.
15 വർഷമായി പുതിയ നിയമനമില്ല
പുതുച്ചേരിയിലെ അഞ്ച് ആർ.ടി.ഒ.ഓഫീസുകളിലും എം.വി.ഐ. തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിലുള്ളവരെല്ലാം പ്രമോഷനായി പോയി. അതിർത്തി ചെക്ക് പോസ്റ്റുകളിലും ഉദ്യോഗസ്ഥരില്ല.15 വർഷത്തോളമായി ഈ വകുപ്പിൽ പുതിയ നിയമനങ്ങളൊന്നും നടക്കുന്നില്ല.
വാഹനങ്ങളാവട്ടെ വൻതോതിൽ വർദ്ധിച്ചുവരികയുമാണ്. മാഹിയിലെ എം.വി.ഐ പുതുച്ചേരിയിൽ കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസം കഴിയാതെ അദ്ദേഹത്തിന് മാഹിയിൽ വരാനുമാവില്ല. അതുവരെ പകരം സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.