കാഞ്ഞങ്ങാട് ഐ.സി.യുവിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐ.സി.യു അടച്ചു. ഇവിടെ മൂന്നു ഷിഫ്റ്റുകളിലായി പ്രവൃത്തിയെടുത്തിരുന്ന ഡോക്ടർമാർ, സ്റ്റാഫ് നേഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ശുചീകരണത്തൊഴിലാളികൾ, ഇ.സി.ജി ടെക്നീഷ്യന്മാർ എന്നിവരെല്ലാം ക്വാറന്റൈനിൽ പോയി.
പോസിറ്റീവായ രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഐ.സി.യു അടച്ചതോടെ പ്രത്യേക പരിചരണം ആവശ്യമായ രോഗികളെ പ്രവേശിപ്പിക്കാൻ വഴിയില്ലാതായി.
തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രി അടച്ചിട്ടു
തൃക്കരിപ്പൂർ: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.തൃക്കരിപ്പൂർ ടൗണിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ യുവാവിനാണ് കൊവിഡ് ബാധിച്ചത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടത്തിയ സ്രവ പരിശോധനയിൽ ഈ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാരുടെ സ്രവ പരിശോധന നെഗറ്റീവ് ആയിരുന്നു. പക്ഷെ റിസപ്ഷനിസ്റ്റിന് പോസിറ്റീവ് ആയതിനെ തുടർന്നാണ് നടപടി. പടന്നയിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവ് ഹോസ്പിറ്റൽ സന്ദർശിച്ചിരുന്നു. അതോടൊപ്പം കഴിഞ്ഞദിവസം പോസിറ്റീവായ വലിയപറമ്പ് പഞ്ചായത്ത് സ്വദേശിനിയും ചികിത്സയ്ക്കായി ഇവിടെ എത്തിയിരുന്നു. ഹോസ്പിറ്റലിലെ മുഴുവൻ സ്റ്റാഫും ഡോക്ടർമാരും ക്വാറന്റൈനിൽ പ്രവേശിച്ചു.