പരിയാരം:ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചു. നിലവിൽ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമടക്കം 12 പേർക്കാണു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 150 ഓളം പേരുടെ പരിശോധനാഫലം വരാനുമുണ്ട്. ഫലം പുറത്തുവരുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണു സൂചന.
കൊവിഡ് വ്യാപനത്തിനുശേഷം കണ്ണൂർ-കാസർകോട് ജില്ലകളിലെ ഗുരുതരാവസ്ഥയിലായ രോഗികളെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സയിലൂടെ ഭൂരിഭാഗംപേരും കൊവിഡ് മുക്തിനേടുകയും ചെയ്തു. കഴിഞ്ഞദിവസം ഡോക്ടർമാർക്കും നഴ്സുമാർക്കുമടക്കം കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനംതന്നെ താളം തെറ്റി. കൊവിഡ് ഇതരരോഗികളുടെ വാർഡിൽനിന്നാണു ഡോക്ടർമാർക്കു രോഗം ബാധിച്ചതെന്നാണ് ഗൗരവം.
ഈ ദിവസങ്ങളിൽ ഇവിടെയെത്തിയ മുഴുവൻ രോഗികളുടെയും വിശദവിവരങ്ങൾ മെഡിക്കൽ കോളജ് അധികൃതർ പരിശോധിച്ചുവരികയാണ്. കൊവിഡ് ഇതരവിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ ചിലർക്കു പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ജില്ലകളിൽനിന്നുള്ള രോഗികളും ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നു. ഇക്കാര്യങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.