ചെറുവത്തൂർ: നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തി നിൽക്കുന്ന പാലായി ഷട്ടർ കം ബ്രിഡ്ജ് കുടിവെള്ള പദ്ധതിയിൽ നിന്നും ചെറുവത്തൂർ, വലിയപറമ്പ് പഞ്ചായത്തുകളെ ഒഴിവാക്കിയെന്ന യു.ഡി.എഫ് ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അസത്യവുമാണെന്ന് എം. രാജഗോപാലൻ എം.എൽ.എ. പഞ്ചായത്തുകളെ ഒഴിവാക്കിയെന്ന തരത്തിലുള്ള ഒരു പ്രസ്താവനയും എം.എൽ.എയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ പണി പൂർത്തീകരണ ഘട്ടത്തിലാണ്. മണ്ഡലത്തിലെയും പൊതുവിൽ ജില്ലയിലേയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതിയാണിത‌്. അതുകൊണ്ടുതന്നെ കേരള വാട്ടർ അതോറിറ്റി മഖാന്തിരം രണ്ട് ബൃഹത് പദ്ധതികൾ തയ്യാറാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുമുണ്ട‌്. പ്രസ്തുത പദ്ധതികളിൽ 162 കോടി രൂപ കണക്കാക്കിയിട്ടുണ്ട‌്.
ഇതിൽ ചെറുവത്തൂർ, വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂർ, പലിക്കോട് പഞ്ചായത്തുകളെ പൂർണമായും എൻഡോസൾഫാൻ കുടിവെള്ള പദ്ധതി നിലവിലുള്ളതിനാൽ കയ്യൂർ-ചീമേനി പഞ്ചായത്തിനെ ഭാഗികമായും ഉൾപെടുത്തി. നീലേശ്വരം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികൾ, കിനാനൂർ-കരിന്തളം പഞ്ചായത്ത് ഉൾപ്പെടെയുള്ള മറ്റൊരു പദ്ധതിയും സർക്കാരിന്റെ പരിഗണനയിലാണ്. മുഴുവൻ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജലജീവൻ പദ്ധതിയും മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട‌്.
അച്ചാംതുരുത്തി കുടിവെള്ള പദ്ധതിക്ക് 35 ലക്ഷം, പുതിയകണ്ടം കുടിവെള്ള പദ്ധതിക്ക് 13 ലക്ഷം, വാട്ടർ അതോറിറ്റി സ്റ്റേറ്റ് പ്ലാനിൽ ഉൾപ്ലാനിൽ ഉൾപ്പെടുത്തി കൈതക്കാട് കുടിവെള്ള പദ്ധതിക്ക് 32 ലക്ഷം, കാടങ്കോട് കുടിവെള്ള പദ്ധതി 28 ലക്ഷം, അച്ചാംതുരുത്തി കുടിവെള്ള പദ്ധതി - 42 ലക്ഷം, മയിച്ച കുടിവെള്ള പദ്ധതി 50 ലക്ഷം എന്നീ തുകകൾ വിനിയോഗിച്ച് പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചു.