പാപ്പിനിശേരി: കീച്ചേരിയിലെ സ്ഥിര സാന്നിധ്യമായ വ്യക്തിക്ക് ചികിത്സയ്ക്കിടയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലായ പാപ്പിനിശ്ശേരി പഞ്ചായത്തിലെ കീച്ചേരി ടൗൺ പൂർണമായി അടച്ചിടാൻ പഞ്ചായത്തധികൃതർ തീരുമാനിച്ചു. ബൈക്കിടിച്ച് പരിക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരാകരിച്ചത്.
അപകടത്തിൽപ്പെടുന്നതു വരെ കീച്ചേരി, വേളാപുരം പ്രദേശങ്ങളിലെ പൊതു ഇടങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു രോഗി. മരണവീടുകൾ, കടകൾ, കള്ള് ഷാപ്പ് എന്നിവിടങ്ങളിലൊക്കെ സന്ദർശിച്ചതായി വ്യക്തമായതോടെയാണ് പ്രദേശം പൂർണമായി അടിച്ചിടാനുള്ള തീരുമാനമെടുത്തത്. രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമാകാത്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നടപടി.
പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. ഇതോടൊപ്പം വളപട്ടണം പാലത്തിനും പാപ്പിനിശേരിക്കും ഇടയിൽ ദേശീയ പാതയോരത്ത് വിൽപ്പന നടത്തുന്ന കക്ക, കല്ലുമ്മക്കായ എന്നിവയുടെയും എല്ലാ തട്ടു കടകളുടെയും പ്രവർത്തനം നിറുത്തിവെക്കാനും തീരുമാനിച്ചുണ്ട്. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ടവരുണ്ടെങ്കിൽ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ ജാഗ്രതാ പ്രവർത്തനങ്ങളുമായി പൂർണമായി സഹകരിക്കാനും സാമൂഹിക അകലം കർശനമായി പാലിക്കാനും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ, മെഡിക്കൽ ഓഫീസർ ഡോ. ഷാഹിന ഭായ്, പഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രകാശൻ, വളപടണം പൊലീസ് അധികൃതർ, റവന്യു അധികൃതർ തുടങ്ങിയവരും പങ്കെടുത്തു.