കാഞ്ഞങ്ങാട്: ഫിഷറീസ് വകുപ്പിൽ നിന്നുള്ള സഹായത്തോടെ വീട് പണി തുടങ്ങിയ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി. വീട് പണി പൂർത്തിയാക്കാൻ വഴികാണാതെ നെട്ടോട്ടമോടുകയാണിവർ. കോട്ടിക്കുളത്തെ കടലോര കുടുംബങ്ങളാണ് ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിക്കേണ്ട സാമ്പത്തിക സഹായ ഗഡുക്കൾ മുടങ്ങിയതോടെ തീരാ ദുഃഖത്തിലായത്.
കോട്ടിക്കുളം തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും ഭവനരഹിതരായിരുന്നു. ഇതിന് പരിഹാരമായാണ് ഫിഷറീസ് വകുപ്പ് തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിൽ ആറ് ലക്ഷം രൂപ ഭൂമി വാങ്ങാനും 4 ലക്ഷം വീട് നിർമ്മാണത്തിനുമാണ്. 20 കുടുംബങ്ങൾക്ക് കരിപ്പോടി മുച്ചിലോട്ട് സ്ഥലവും അനുവദിച്ചിരുന്നു. ഭൂമിയുടെ വില കൂടാതെ വീട് നിർമ്മാണത്തിന് 4 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും ഒരുലക്ഷം രൂപമാത്രമേ ഇവർക്ക് ലഭിച്ചിട്ടുള്ളൂവെന്നാണ് പറയുന്നത്.
ഈ പണം കൊണ്ട് പലരും വീട് നിർമ്മാണം തുടങ്ങിയെങ്കിലും പാതി പ്രവൃത്തി പാതിവഴിയിലായി. പത്തിലധികം വീടുപ്രവൃത്തികളുടെ സ്ഥിതിയിതാണ്. ചില കുടുംബങ്ങൾക്ക് രോഗികൾക്ക് മരുന്ന് വാങ്ങാൻ പോലും കൈയിൽ പണമില്ല. ഈ സാഹചര്യത്തിൽ എങ്ങനെ വീടുപണി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഫിഷറീസ് വകുപ്പിന് പുറമെ മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുള്ള വീട് പ്രവൃത്തിക്ക് യഥാസമയം പണം വൈകുന്നത് സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടായിരിക്കാം. ഈ സർക്കാർ വന്നതിനു ശേഷമാണ് മത്സ്യത്തൊഴിലാളികൾക്കു വീടും സ്ഥലവും പദ്ധതി കൊണ്ടുവന്നത്. മുൻകാലങ്ങളിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് വീടു പണിയാൻ മൂന്നു ലക്ഷം വരെ മാത്രമേ നൽകിയിരുന്നുള്ളൂ.
കാറ്റാടി കുമാരൻ, മത്സ്യഫെഡ് ഡയറക്ടർ