varadayini
പി.വി ജയൻ 'വരദായിനി'ക്കു മുന്നിൽ

കാസർകോട്: മടിക്കൈ അടുക്കത്തുപറമ്പിലെ 'വരദായിനി' കമ്പനിയിലെ ബസ് ഡ്രൈവറാണ് മടിക്കൈ പൂത്തക്കാലിലെ പി.വി. ജയൻ. കണ്ടക്ടറായിരുന്ന ജയൻ 13 വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഭാര്യയും രണ്ട് കുട്ടികളുമായി വാടകവീട്ടിൽ താമസിക്കുന്ന ജയൻ, കൊവിഡ് ലോക്ക് ഡൗണിലെ വരുമാന കുറവ് മറികടക്കാനാണ് ഒറ്റയ്ക്ക് ബസോടിക്കാൻ തീരുമാനിച്ചത്.

ഡ്രൈവറെയും കണ്ടക്ടറെയും ക്ളീനറെയും വച്ച് സർവ്വീസ് നടത്തിയപ്പോൾ ശമ്പളവും മിച്ചവും ഇല്ലാത്ത അവസ്ഥയിലായി. സമ്പർക്കം വഴി കൊവിഡ് കുത്തനെ കൂടിയപ്പോൾ ഭയപ്പാടിലായ കണ്ടക്ടർമാർ വരാതായി. സ്ഥിരം റൂട്ടിൽ പതിവ് യാത്രക്കാർ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ തനിച്ചു ബസോടിക്കാമെന്ന ആശയം ജയൻ മുന്നോട്ടുവയ്ക്കുകയായിരുന്നു. കാര്യം ബസുടമയോട് പറഞ്ഞപ്പോൾ 'എനിക്കൊന്നും തരേണ്ട ഓടാൻ കഴിയുമെങ്കിൽ ബസ് എടുത്തോ..' എന്നായിരുന്നു മറുപടി.

ആവേശത്തിലായ ജയൻ രണ്ടും കൽപ്പിച്ചു ഷെഡിൽ നിന്ന് ബസിറക്കി. സ്റ്റാൻഡിൽ വയ്ക്കുമ്പോൾ കാശു വാങ്ങി ജയൻ യാത്രക്കാരെ കയറ്റും. പിറകിലെ ഡോർ അടച്ചുപൂട്ടി. ഡ്രൈവർ സീറ്റിൽ ഇരുന്നു വളയം കൈയിലൊതുക്കി ഓടിച്ചുപോകും. മുൻഭാഗത്തെ ഡോറിൽ കൂടി യാത്രക്കാരെ കയറ്റും. അടുത്തുതന്നെ ഒരു ബക്കറ്റും വച്ചു. നിരക്ക് അറിയുന്ന യാത്രക്കാർ ടിക്കറ്റ് കാശ് ബക്കറ്റിൽ നിക്ഷേപിച്ച് ഇറങ്ങിപോകും. ഇടയ്ക്ക് രണ്ടു വിരുതന്മാർ ബക്കറ്റിൽ കാശിടാതെ സ്ഥലം വിടാൻ നോക്കി. ഇവരെ ജയൻ തന്നെ ഓടിച്ചിട്ട്‌ പിടിച്ചു. യാത്രക്കാർ പൊതുവെ കുറവാണെങ്കിലും ശമ്പളം എടുക്കാനും ബാക്കി വരുന്ന വിഹിതം മുതലാളിക്കു കൊടുക്കാനും കഴിയുന്നുണ്ടെന്ന് പറയുന്ന ജയൻ വലിയ ഹാപ്പിയിലാണ്.

കഠിനാദ്ധ്വാനം കൊണ്ട് കിട്ടുന്ന കൂലിയിൽ നിന്ന് വാടക കാശും കണ്ടെത്തി പട്ടിണി കൂടാതെ ജീവിതം കഴിയുന്നതിന്റെ സന്തോഷം പങ്കിടുകയാണ് ഈ ഡ്രൈവർ. മുണ്ടോട്ട് -ചാളക്കടവ് -കാലിച്ചാംപൊതി -നീലേശ്വരം വഴി കാഞ്ഞങ്ങാട് പോകുന്ന 'വരദായിനി' ബസാണ് ജയൻ ഓടിക്കുന്നത്. മറ്റൊരു ബസ്, ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഓടുന്നുണ്ടെങ്കിലും മിച്ചമൊന്നും എടുക്കാൻ കിട്ടുന്നില്ല. മടിക്കൈ അടുക്കത്ത് പറമ്പ സ്വദേശി വി.കെ പ്രദീപ് കുമാറാണ് വരദായിനിയുടെ ഉടമ.

ബൈറ്റ്

കൊവിഡ് കാരണം യാത്രക്കാർ ബസിൽ കയറുന്നില്ല. യാത്രക്കാർ കുറഞ്ഞുവരുന്നതിനാൽ നീലേശ്വരം സ്റ്റാൻഡിൽ 15 മിനിറ്റ് വെച്ചാൽ പോലും ആളുകളില്ലാത്ത അവസ്ഥയാണ്. കുറെ ബസുകൾ നിർത്തി. ജീവിക്കാൻ വേണ്ടിയാണ്‌ ഒറ്റയ്ക്ക് ഓടിക്കാൻ സധൈര്യം ഇറങ്ങിയത്.

പി.വി ജയൻ