കാസകോട്: കാസർകോട്ട് കൊവിഡ് ബാധിച്ചുമരിച്ച അഞ്ചുപേരുടെയും ഉറവിടം അജ്ഞാതമായി തുടരുന്നത് ആശങ്ക പരത്തുന്നു. കുമ്പള ആരിക്കാടിയിലെ അബ്ദുൾ റഹ്മാനാണ് ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിനും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച പുലർച്ചെ മരിച്ച അബ്ദുൾറഹ്മാൻ വൃക്ക-ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാസർകോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കൊവിഡ് പോസിറ്റീവെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു.
അഞ്ചുപേരും മരിച്ചത് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ്. മരിച്ചതിൽ ഒരാൾ ഒഴികെ മറ്റു നാലുപേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. മൂന്ന് പേർ സ്ത്രീകളും രണ്ടുപേർ പുരുഷന്മാരുമാണ്.
ഉറവിടം വ്യക്തമാകാത്ത കേസുകൾ വർദ്ധിച്ചുവരുന്നതിൽ ആരോഗ്യവകുപ്പ് വലിയ ആശങ്കയിലാണ്. അതോടൊപ്പമാണ് സമ്പർക്കം വഴിയുള്ള രോഗബാധ കൂടുന്നതും. ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച 105 പേരിൽ 88 പേർക്കാണ് സമ്പർക്കം വഴി രോഗം പിടിപെട്ടത്. ഇന്നലെയാകട്ടെ 107 പേരിൽ 105 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.
ബൈറ്റ്
ഉറവിടമില്ലാതെ രോഗികൾ വർധിക്കുന്നത് വളരെ ഗൗരവത്തോടെ തന്നെ കാണണം. റൂട്ടുമാപ്പുകൾ തയ്യാറാക്കാൻ പോലും കഴിയാത്ത വിധമാണ് ചിലർക്ക് രോഗം ബാധിക്കുന്നത്. സമ്പർക്കം പുലർത്തുന്ന ആളുകളെയോ സ്ഥലങ്ങളെയോ കുറിച്ച് ഓർമ്മയില്ലാതെ വരുമ്പോഴാണ് ഉറവിടം അജ്ഞാതമായി തുടരുന്നത്. ജില്ലയിലെ ആശുപത്രികളിൽ കഴിയുന്നവരിൽ ആർക്കും രോഗം ഗുരുതരമല്ല. രോഗം ഗുരുതരമായവരെ പരിയാരം മെഡിക്കൽ കോളജിലേക്കാണ് മാറ്റുന്നത്.
ഡോ. എം.വി. രാംദാസ്
കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ
കാസർകോട്ടെ കൊവിഡ് മരണങ്ങൾ
1 നഫീസ (മംഗൽപാടി)
2.ഖൈറുന്നീസ (അണങ്കൂർ)
3.മാധവൻ (രാവണീശ്വരം)
4.നഫീസ (പടന്നക്കാട്)
5.അബ്ദുൾ റഹ്മാൻ (ആരിക്കാടി)