കാസർകോട്: ചെങ്കള പഞ്ചായത്ത് നാലാം വാർഡിലെ പിലാങ്കട്ടയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു വിവാഹച്ചടങ്ങ് നടത്തിയതിന് വധുവിന്റെ പിതാവിനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ബദിയടുക്ക പൊലീസ് കേസെടുത്തു. ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബുവിന്റെ നിർദ്ദേശ പ്രകാരമാണിത്.
കല്യാണത്തിൽ പങ്കെടുത്ത വരനും വധുവും വധുവിന്റെ മാതാപിതാക്കളും ഉൾപ്പെടെ 43 പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എട്ട് പേർക്ക് കൂടി ഇന്നലെ പോസിറ്റീവ് സ്ഥിരീകരിച്ചതോടെ എണ്ണം 51 ആയി. ഇവരെ വിവിധ കൊവിഡ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
128 ആളുകളാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ചെർക്കള സ്വദേശിയായ വരന്റെ കൂടെ 25 പേരാണ് എത്തിയിരുന്നത്. അതേസമയം കല്യാണത്തിന് എത്തി മടങ്ങിയവരിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുമെന്ന സൂചനകളുണ്ട്. ഇവരിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്ന 30 ഓളം ആളുകളുടെ കൂടി സ്രവം പരിശോധിക്കും. ഞായറാഴ്ച അവധി ദിവസമായതിനാൽ ടെസ്റ്റ് നടത്തിയിട്ടില്ല. തിങ്കളാഴ്ച ഇത്രയും പേരെക്കൂടി ടെസ്റ്റ് ചെയ്യേണ്ടിവരുമെന്ന് വാർഡ് മെമ്പർ കുർള അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.
കൊവിഡ് വ്യാപനമുണ്ടായ കല്യാണ വീട് പ്രത്യേക ക്ലസ്റ്ററായി കണക്കാക്കി ഇന്നലെ സ്ഥലത്ത് ജാഗ്രതാസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്തു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറിങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ രാവിലെയും വൈകിട്ടും ക്വാറന്റൈൻ കേന്ദ്രങ്ങൾ ജാഗ്രതാസമിതി അംഗങ്ങൾ സന്ദർശിക്കും.
ചെങ്കളയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം ഇനിയും കൂടാൻ സാദ്ധ്യതയുണ്ട്. പൊതുപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും കൂടുതൽ ജാഗ്രത പുലർത്തണം. പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാകാത്തവരുണ്ട്. അക്കാര്യം ഗൗരവത്തോടെ പരിശോധിക്കും. ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുപരിപാടികൾ ഓൺലൈനായി നടത്താൻ എല്ലാവരും തയ്യാറാകണം.
ഇ. ചന്ദ്രശേഖരൻ
(റവന്യൂവകുപ്പ് മന്ത്രി )