ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ്, ആനപ്പന്തി ടൗണുകൾ അടച്ചു. രണ്ട് ദിവസത്തിനിടയിൽ ഓരോ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പഞ്ചായത്ത് സുരക്ഷാ സമിതി ചേർന്നാണ് നടപടി .

ശനിയാഴ്ച ആനപ്പന്തി സ്വദേശിയായ 29 കാരന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു . ഹൈദരാബാദിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുമ്പോഴാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത് . സമ്പർക്കമില്ലെങ്കിലും ആനപ്പന്തി ഉൾപ്പെടുന്ന പതിനാലാം വാർഡിൽ 100 മീറ്റർ ഹോട്ട് സ്‌പോട്ട് പ്രഖ്യാപിക്കപ്പെട്ടപ്പോൾ ടൗണും ഉൾപ്പെടുകയായിരുന്നു. ഇന്നലെ അങ്ങാടിക്കടവ് ടൗണിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 27 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആറാം വാർഡിൽ 100 മീറ്റർ പ്രദേശം ഹോട്ട് സ്‌പോട്ടാക്കാൻ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം തീരുമാനിക്കുകയായിരുന്നു.

ഇവിടെയും ടൗൺ ഹോട്ട് സ്‌പോട്ട് പരിധിക്കുള്ളിൽപെട്ടു . ബംഗളൂരുവിൽ നിന്നും എത്തിയ യുവതിക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരെ അയ്യങ്കുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.