വെയ്നുവിന്റെ വാൽനക്ഷത്രത്തിന് ഇന്ന് 71
കണ്ണൂർ : ഭാരതത്തിന്റെ ഗലീലിയോ ഇവിടെ ഉണ്ടായിരുന്നു. ആധുനിക ഭാരതത്തിന്റെ വാനശാസ്ത്ര പിതാവായ വെയ്നു ബാപ്പു. അനന്തമായ ആകാശത്തെ വാൽനക്ഷത്രങ്ങളിലൊന്ന് ഈ തലശേരിക്കാരന്റെ പേരിലുള്ളതാണ്. ബാപ്പു ‐ ബോക്ക് ‐ ന്യൂകിർക്ക് എന്നറിയപ്പെടുന്ന വാൽനക്ഷത്രം ബാപ്പുവിന്റെ ആകാശത്ത് തെളിഞ്ഞിട്ട് ഇന്ന് 71 വർഷമാകുന്നു. ഹാർവാഡ് സർവകലാശാല വാനനിരീക്ഷണ വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന വെയ്നു 1949 ജൂലായ് 28നാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. അന്ന് പ്രായം 22 ആയിരുന്നു.
പഞ്ചായത്ത് അംഗത്തിനുപോലും പഞ്ചനക്ഷത്ര സമാനമായ സ്മാരകം നിർമ്മിക്കാൻ മത്സരിക്കുന്ന നാട്ടിൽ നക്ഷത്രമായി മാറിയ ഈ ശാസ്ത്രജ്ഞന് ഉചിതമായ ഒരു സ്മാരകം ഇനിയും ഉണ്ടായിട്ടില്ല. വെയ്നുവിന്റെ വീടുണ്ടായിരുന്ന സ്ഥലം ഷോപ്പിംഗ് കോംപ്ളക്സായി. തമിഴ്നാട്ടിലും ബംഗളൂരുവിലും നൈനിറ്റാളിലും ഉചിതമായ സ്മാരകം തലയുയർത്തി നിൽക്കുമ്പോഴാണ് ഈ അവഗണന.
തലശേരി ചേറ്റംകുന്നിലെ അറിയപ്പെട്ട തീയ കുടുംബമായ കല്ലാട്ട് കക്കുഴി ബാപ്പുവിന്റെയും സുനന്ദയുടെയും മകനാണ് ഡോ.എം.കെ. വെയ്നു ബാപ്പു. പിതാവ് ചെന്നൈയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ വെയ്നുവിന്റെ ജനനം അവിടെയായിരുന്നെങ്കിലും വളർന്നതു തലശേരിയിലാണ്. സംഖ്യാശാസ്ത്രത്തിൽ താത്പര്യമുള്ള പിതാവ്, വേണു എന്ന പേര് വെയ്നു എന്നാക്കി മാറ്റുകയായിരുന്നു.
വാൽനക്ഷത്രം കണ്ടെത്തിക്കൊണ്ടുള്ള പ്രബന്ധത്തിന് പെസഫിക് ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡൊനോഹോ കോമറ്റ് മെഡൽ ലഭിച്ചിരുന്നു. ഈ ഫെലോഷിപ്പ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് വെയ്നു. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ ഇന്ത്യക്കാരനായ ആദ്യ പ്രസിഡന്റും വെയ്നുവാണ്. ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്കോപ്പിന്റെ സ്ഥാപകനായ വെയ്നു പിന്നീട് കൊടൈക്കനാലിൽ സോളാർ ഒബ്സർ വേറ്ററിയിൽ ഡയറക്ടറായും പ്രവർത്തിച്ചു. 1981ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. 82 ആഗസ്റ്റ് 19ന് ജർമ്മനിയിൽ വച്ച് 55ാം വയസിൽ വെയ്നുവിന്റെ ജീവനും നക്ഷത്രങ്ങൾക്കിടയിൽ ചേക്കേറി. മയ്യഴി സ്വദേശിയായ ഭാര്യ യമുന ബംഗളൂരുവിലാണ് സ്ഥിരതാമസം. മക്കളില്ല.
''തമിഴ് നാട്ടിലും കർണാടകയിലും മറ്റും അദ്ദേഹത്തിന് സ്മാരകങ്ങളുണ്ട്. കേരളത്തിലോ സ്വന്തം നാടായ തലശേരിയിലോ സ്മാരകമില്ലാത്തത് വലിയ അവഗണനയാണ്. ഇതിൽ വല്ലാത്ത വിഷമമുണ്ട്.
-യമുന, വെയ്നുവിന്റെ ഭാര്യ