തളിപ്പറമ്പ്: താലൂക്ക് ഗവ. ആശുപത്രിയിൽ ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്താതെ മോർച്ചറി പൊളിച്ചുമാറ്റിയത് തലവേദനയാകുന്നു. രാത്രിയിൽ മരണപ്പെടുന്ന രോഗികളുടെ മൃതദേഹങ്ങൾ അപ്പോൾ തന്നെ ബന്ധുക്കൾ ഏറ്റെടുക്കേണ്ടിവരികയാണിപ്പോൾ. അല്ലെങ്കിൽ ചികിത്സ നല്കിയ വാർഡിൽ മറ്റുരോഗികൾക്കിടയിൽ മൃതദേഹം കിടത്തേണ്ടിയും വരും.
1965 ൽ സ്ഥാപിച്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ അന്നുമുതൽ തന്നെ മോർച്ചറി സൗകര്യം ഉണ്ടായിരുന്നു. പുതുതായി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിച്ചപ്പോഴാണ് അതിന് സമീപത്തുള്ള മോർച്ചറി പൊളിച്ചുനീക്കാൻ തീരുമാനിച്ചതും മാസങ്ങൾക്ക് മുമ്പ് നടപ്പിലാക്കിയതും. മോർച്ചറി കെട്ടിടത്തിനകത്തുണ്ടായിരുന്ന ഫ്രീസർ ഫാർമസിക്ക് സമീപത്തെ മാലിന്യങ്ങൾ നിറഞ്ഞ പഴയ കെട്ടിടത്തിൽ തള്ളിയ നിലയിലാണ്. പുതിയ മോർച്ചറി നിർമ്മിക്കാൻ പത്ത് വർഷം മുമ്പ് തന്നെ പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചിരുന്നുവെങ്കിലും ഇടക്കുവെച്ച് മുടങ്ങുകയായിരുന്നു.
ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയിൽ മോർച്ചറി ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. മുൻകാലങ്ങളിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്താൻ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഇങ്ങോട്ടാണ് കൊണ്ടുവന്നിരുന്നത്. 1991 വരെ ഇവിടെ പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടന്നിരുന്നു. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നിലച്ചത്.
ഫ്രീസറിൽ ആകെ സൂക്ഷിച്ചത് ഒരു മൃതദേഹം
2007ൽ ആശുപത്രി വികസനസമിതി മുൻകൈയെടുത്ത് മൂന്ന് ലക്ഷം രൂപ ചെലവിൽ പാലക്കാടുള്ള ഒരു സ്ഥാപനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ ഒരേസമയം സൂക്ഷിക്കാനുള്ള മോർച്ചറി ഫ്രീസർ വാങ്ങി സ്ഥാപിച്ചെങ്കിലും ആകെ വെച്ചത് ഒരു മൃതദേഹം മാത്രമാണ്. വേണ്ടത്ര തണുപ്പില്ലാത്തതിനാൽ പിന്നീട് മൃതദേഹങ്ങൾ സൂക്ഷിക്കാറില്ലായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ ഇക്കാലയളവിൽ 65,000 രൂപയോളം ഫ്രീസർ അറ്റകുറ്റപ്രവൃത്തികൾക്ക് ചെലവഴിച്ചതായും പറയുന്നു. സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഫ്രീസർ വാങ്ങിയതെങ്കിലും മോർച്ചറിയിൽ ത്രീഫേസ് വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാലാണ് ഇത് കേടായതെന്നും ആക്ഷേപമുണ്ട്.