കാസർകോട്: വർഷങ്ങളായി ബംഗളൂരു ബസുകളുടെ വളയം പിടിക്കുന്ന കാങ്കോൽ കുണ്ടയംകൊവ്വലിലെ ടി.പി. അജയകുമാറും ചീമേനിക്കടുത്ത ഏറ്റുകുടുക്കയിലെ ടി.പി. ഗിരീശനും ഇപ്പോൾ തിരക്കേറിയ മരച്ചീനി കച്ചവടക്കാരാണ്. കൊവിഡ് വിതച്ച പ്രതിസന്ധിയാണ് ഇവരെ പുതിയ ഉപജീവനമാർഗത്തിലേക്ക് തിരിച്ചുവിട്ടത്.
തൃക്കരിപ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ഗോൾഡൻ, കല്പക എന്നീ ടൂറിസ്റ്റ് ബസുകളുടെ ഡ്രൈവർമാരാണ് ഇരുവരും. പല വഴികളും തേടിപ്പോയെങ്കിലും പ്രയോജനമുണ്ടായില്ല. മൂന്നുമാസമായി കൂലിയും വേലയുമില്ലാതെ കഷ്ടപ്പെട്ടു. വീട് പട്ടിണിയിലായപ്പോഴാണ് 40,000 രൂപ സംഘടിപ്പിച്ച് ഒരു ടെമ്പോ ഓട്ടോറിക്ഷയും ത്രാസും വാങ്ങിയത്. കുറച്ചു പണം കൂടി മുടക്കി മരച്ചീനി വരുത്തിച്ച് തങ്കയം പെട്രോൾ പമ്പിന് സമീപം ബംഗളുരു ബസുകൾ നിർത്തിയതിന് അഭിമുഖമായി കച്ചവടം തുടങ്ങി. തലശേരി, കോഴിക്കോട് മലയോര ഭാഗങ്ങളിൽ നിന്ന് കൃഷിക്കാർ വിളവെടുത്ത രുചിയുള്ള ഉഗ്രൻ മരച്ചീനി എന്നും എത്തിച്ചുനല്കും.
ഒരു മാസമായി നടത്തിവരുന്ന മരച്ചീനി കച്ചവടത്തിൽ നിന്ന് ചില്ലറ ആദായം കിട്ടിത്തുടങ്ങിയതിനാൽ അജയനും ഗിരീശനും സന്തോഷത്തിലാണിപ്പോൾ. ഇടയ്ക്ക് അല്പം മധുരക്കിഴങ്ങും വിൽപനയ്ക്കായി എത്തിക്കാറുണ്ട്.
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ദിവസം 500 രൂപയോളം വരുമാനം കിട്ടുന്നതിനാൽ ഒരുവിധം പിടിച്ചു നിൽക്കാമെന്ന് ഇരുവരും പറയുന്നു. അജയകുമാറിന് ഭാര്യയും കുഞ്ഞും പ്രായമായവരും വീട്ടിലുണ്ട്. ഗിരീശന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. .