corona

കാസർകോട്: കൊവിഡ് വ്യാപനം മൂലം കാസർകോട് ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലേക്ക്. ചികിത്സയിൽ കഴിയുന്നവർക്കും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പടരുന്നതും നിരീക്ഷണത്തിൽ പോകേണ്ടിവരുന്നതുമാണ് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്.

കൊവിഡിനെ തുടർന്ന് നീലേശ്വരം എൻ.കെ.ബി.എം ആശുപത്രി ദിവസങ്ങൾക്കു മുമ്പെ അടച്ചിട്ടിരുന്നു. അത്യാസന്ന നിലയിൽ പ്രവേശിപ്പിക്കപ്പെട്ടയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ ഐ.സി.യുവും അടച്ചിട്ടിരിക്കുകയാണ്. ഡോക്ടർ അടക്കം 20 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പോയി.

ജൂലായ് 21 ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പള്ളിക്കര സ്വദേശിക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഐ.സി.യു അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഇനി തുറക്കുകയുള്ളൂ.

നിരീക്ഷണത്തിൽ പോയ ആരോഗ്യപ്രവർത്തകരെ വരും ദിവസങ്ങളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഐ.സി.യു അടച്ചതിനാൽ അടിയന്തര ചികിത്സയും പരിചരണവും ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

ജില്ലാ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പോയതോടെ പ്രവർത്തനം സ്തംഭിച്ചു. കൊവിഡ് വ്യാപനവും ഇതേ തുടർന്നുള്ള വിലക്കും നിലനിൽക്കുന്നതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ജില്ലയിലെ അത്യാസന്ന രോഗികളെ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ സേവനം കാഷ്വാലിറ്റി മാത്രമായി ചുരുക്കിയിരിക്കുകയാണ്.

ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ അടച്ചിട്ടിരുന്നു. അണുവിമുക്തമാക്കിയ ശേഷമാണ് ഈ വാർഡ് പിന്നീട് തുറന്നത്. ജീവനക്കാർക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചതോടെ തൃക്കരിപ്പൂർ ടൗണിലെ സ്വകാര്യ ആശുപത്രിയും പടന്ന ടൗണിലെ സ്വകാര്യക്ലിനിക്കും അടച്ചുപൂട്ടി.

തൃക്കരിപ്പൂർ ആശുപത്രിയിലെ വലിയപറമ്പ് പഞ്ചായത്ത് സ്വദേശിയായ റിസപ്ഷനിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസം മുമ്പ് പോസിറ്റീവായ പടന്നയിലെ പഞ്ചായത്ത് ജീവനക്കാരനും വലിയപറമ്പ് പഞ്ചായത്തിൽ പോസിറ്റീവ് സ്ഥിരീകരിച്ച സ്ത്രീയും ഈ ആശുപത്രിയിൽ വന്നിരുന്നു. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് റിസപ്ഷനിസ്റ്റിന് പോസിറ്റീവാണെന്ന് വ്യക്തമായത്. ആശുപത്രിയിലെ ഡോക്ടർ അടക്കമുള്ളവർ ക്വാറന്റൈനിൽ പ്രവേശിച്ചു. അണുനശീകരണം നടത്തിയ ശേഷമേ ക്ളിനിക്കിന്റെ പ്രവർത്തനം പുനരാരംഭിക്കൂ.