പഴയങ്ങാടി: ജീവൻ തുടിക്കുന്ന ഒട്ടേറെ ശില്പങ്ങൾ രൂപകല്പന ചെയ്ത കെ. കുഞ്ഞിരാമൻ എന്ന കെ.കെ.ആർ വെങ്ങരയ്ക്ക് ലഭിച്ച ഫോക്‌ലോർ അക്കാഡമി പ്രഥമശില്പി അവാർഡ് മാടായിക്ക് അഭിമാനം. സംസ്ഥാന സർക്കാരിനു കീഴിലുള്ള അക്കാഡമി ആദ്യമായിട്ടാണ് ശില്പകലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് ഏർപ്പെടുത്തിയത്.
സ്വയം അഭ്യസിച്ച ശില്പകലയിൽ സമൂഹത്തിലെ ഓരോ ചലനങ്ങളെയും വ്യക്തികളെയും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കെ.കെ.ആറിനെ മറ്റു ശില്പികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 30 വർഷത്തോളമായി ശില്പകലയിൽ തുടരുന്ന കെ.കെ.ആർ വെങ്ങര പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിൽ ചിത്രകലാ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. വെങ്ങരമുക്കിൽ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ ശില്പമാണ് ആദ്യത്തേത്. ഏഴിമലയിലെ ഹനുമാൻ അമ്പലത്തോട് ചേർന്ന് കൊണ്ടുള്ള 41 അടി ഉയരത്തിലുള്ള ഹനുമാൻ ശില്പമാണ് ഇദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്.
എം. മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിലൂടെ എന്ന നോവലിനെ ആസ്പദമാക്കി മയ്യഴിയിലെ മൂപ്പൻ സായിപ്പിന്റെ ബംഗ്ളാവിൽ തീർത്ത 100 അടിയോളം നീളത്തിലുള്ള ശില്പങ്ങളും ആരെയും അത്ഭുതപ്പെടുത്തും.129 ഓളം മനുഷ്യരൂപങ്ങളും നോവലിന്റെ വിവിധ കഥാ സന്ദർഭങ്ങളും ശില്പ രൂപത്തിൽ ഇവിടെ അതിവിദഗ്ധമായാണ് കൊത്തിവച്ചത്.
വള്ളുവൻ കടവിലെ മുത്തപ്പൻ ക്ഷേത്രത്തിലെ മുത്തപ്പന്റെ മിത്തുമായി ബന്ധപ്പെടുത്തി 120 അടി നീളമുള്ള ശില്പ പരമ്പര തന്നെ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട് .കണ്ണൂർ കാൾടെക്സ് സ്‌ക്വയറിലെ സമാധാനത്തിന്റെ വെള്ളരി പ്രാവിന്റെ ശില്പവും ഇദ്ദേഹത്തിന്റേതാണ്. അക്ഷരമാലാഖ, കാറൽമാർക്സ്, മഹാത്മഗാന്ധിയുടെ ഭീമാകാരമായ പ്രതിമകൾ, പെരളശ്ശേരിയിലെ എ.കെ.ജിയുടെ ശില്പാലംകൃതമായ സ്‌മൃതി മണ്ഡപം, പയ്യന്നൂരിലെ സുബ്രഹ്മണ്യ ഷേണായിയുടെ 11 അടി നീളത്തിൽ ചെങ്കല്ലിൽ തീർത്ത കുടീരം എന്നിവയാണ് കെ.കെ.ആറിന്റെ കൈയൊപ്പ് പതിഞ്ഞ മറ്റ് പ്രമുഖ ശില്പങ്ങൾ.
പ്രമുഖരുടെ ഛായചിത്രങ്ങൾ, കലകൾ, നാടകം, തെയ്യം, മാരിതെയ്യം എന്നിവയെ കുറിച്ചുള്ള ഡോക്യുമെന്ററികളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും വിവിധ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലായി കേരള ലളിതകലാ അക്കാഡമിയും പരിഷത്തും നടത്തിയ ചിത്രകലാ പ്രദർശനത്തിൽ പങ്കാളിയാകുവാനും ഈ അനുഗ്രഹീത കലാകാരന് സാധിച്ചിട്ടുണ്ട്.
1957ൽ വെങ്ങര ഗ്രാമത്തിൽ കർഷക പ്രമാണി പരേതരായ കര്യപാത്ത് കുഞ്ഞിരാമന്റെയും കുണ്ടത്തിൽ നാരായണിയുടെയും മകനായാണ് ജനനം. ഭാര്യ എൽ.ഐ.സി ഏജന്റായ നിഷി. മക്കൾ: കൃഷ്ണ, കാവേരി.