ചെറുവത്തൂർ: ട്രോളിംഗ് നിരോധനം അവസാനിക്കാൻ മൂന്നു ദിവസം കൂടി ബാക്കിയിരിക്കെ മത്സ്യബന്ധന മേഖല ആശങ്കയിൽ തന്നെ. റോഡരികിൽ വച്ചും നടന്നുമുള്ള മീൻ വില്പനയ്ക്ക് നിരോധനം നീക്കാത്തതും കൊവിഡ് വ്യാപനം കൂടുതൽ ശക്തമാകുന്നതുമാണ് തീരദേശം ഉറങ്ങിക്കിടക്കുന്നതിന് പിന്നിൽ. തുറമുഖങ്ങൾ സജീവമാണെങ്കിൽ അന്യസംസ്ഥാനക്കാരായ ബോട്ട് തൊഴിലാളികൾ തിരിച്ചു വരേണ്ടതുമുണ്ട്. കൊവിഡ് കാലമായതിനാൽ ഇവർക്ക് യാത്രാ സൗകര്യവുമില്ല.
ഈ വർഷത്തിന്റെ തുടക്കം തൊട്ട് കൊവിഡ് അടക്കം പലവിധ കാരണങ്ങളാൽ നിരോധനവും, നിയന്ത്രണവുമൊക്കെയായി മത്സ്യ ബന്ധന -വിൽപ്പന മേഖലയാകെ തളർച്ചയിലായിരുന്നു. കഴിഞ്ഞ ജൂൺ 9 ന് അർദ്ധരാത്രി മുതലാണ് പതിവു പോലുള്ള ട്രോളിംഗ് നിരോധനം നിലവിൽ വന്നത്. 52 ദിവസത്തെ ഈ വിലക്കാണ് 31 ന് അവസാനിക്കുന്നത്. എന്നാൽ കൊവിഡ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തുറമുഖങ്ങളും മത്സ്യ മാർക്കറ്റുകളൊക്കെ അടച്ചിട്ട അവസ്ഥയിലാണ്. എല്ലാവിധത്തിലുള്ള മീൻകച്ചവടത്തിനും നിലവിൽ നിരോധനമുണ്ട്. ഈ നിയന്ത്രണങ്ങളും അധികൃതർ നീക്കിയാലെ ട്രോളിംഗ് നിരോധനം നീക്കിയതുകൊണ്ടുള്ള പ്രയോജനം തീരദേശത്തിന് ലഭിക്കുകയുള്ളു.
പെടയ്ക്കണ മീനുണ്ട് "ഓൺലൈനിൽ"..
കൊവിഡ് സമൂഹവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മാർക്കറ്റുകൾ അടച്ചിടുകയും മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചതോടെ മത്സ്യപ്രേമികൾ നെട്ടോട്ടത്തിലാണ്. ഇത് മനസ്സിലാക്കിയ ചില ചെറുപ്പക്കാരാണ് പുതിയ വരുമാന മാർഗ്ഗം തേടിയുള്ള "ഓൺലൈൻ " മീൻ കച്ചവടം ആരംഭിച്ചത്.
കവ്വായി കായലിൽ നിന്ന് മീൻ പിടിക്കുന്ന തോണിക്കാരിൽ നിന്ന് നേരിട്ട് മൊത്തമായി മീനെടുത്ത് വീടുകളിൽ സൂക്ഷിക്കുകയാണ് ആദ്യഘട്ടമായി ചെയ്യുന്നത്. പുഴക്കരയിൽ നിന്നായത് കൊണ്ട് പിടക്കുന്ന മീൻ കിട്ടുകയും ചെയ്യും. ഇടപാടുകളൊക്കെ ഫോണിലൂടെയാണ്. വില പറഞ്ഞ് ഉറപ്പിച്ച ശേഷം വീടുകളിൽ എത്തിക്കുകയാണ് പതിവ്. ചെമ്മീൻ, കരിമീൻ, നോങ്ങോൽ തുടങ്ങിയ മീനുകൾക്ക് പറഞ്ഞ വില കൊടുക്കാൻ മത്സ്യ പ്രേമികളായ ഗുണഭോക്താക്കൾ തയ്യാറുമാണ്.
600 മുതൽ മുകളിലോട്ടാണ് ഓൺലൈൻ വില. നേരത്തെ ബുക്കുചെയ്യാനുള്ള സൗകര്യവുമുണ്ട്. കൊവിഡ്, സമൂഹ വ്യാപനം, നിയന്ത്രണങ്ങൾ തുടങ്ങിയവയൊക്കെ നിലനിൽക്കുന്നതിനാൽ പുതിയ ഈ തൊഴിൽ മേഖല പല യുവാക്കൾക്കും വരുമാന മാർഗ്ഗമായിരിക്കയാണ്. കൊവിഡ് വ്യാപനം സംബന്ധിച്ച സമൂഹ്യ അകലം നിരോധന, നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചാണ് ഈ ഓൺലൈൻ മീൻ വ്യാപാരമെന്നും പറയുന്നു.