train

പയ്യന്നൂർ: നിർദ്ദിഷ്ട തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽപ്പാതയുമായി അധികൃതർ മുന്നോട്ടുപോകുമ്പോൾ പയ്യന്നൂർ റെയിൽവേ ലൈനിനോട് തൊട്ടടുത്ത് താമസിക്കുന്നവർ ആശങ്കയിൽ. പയ്യന്നൂർ തെക്ക് കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരം മുതൽ വടക്ക് പയ്യന്നൂർ റെയിൽവേ ഗേറ്റ് പരിസരം വരെ മണക്കാടി, കാനം, മമ്പലം, സുരഭിനഗർ, കേളോത്ത് തുടങ്ങിയ സ്ഥലങ്ങളിലെ പ്രദേശവാസികളാണ് ആശങ്കയിലായിരിക്കുന്നത്.

ഏതെല്ലാം സ്ഥലങ്ങളും വീടുകളുമാണ് നിർദ്ദിഷ്ട റെയിൽ പാതയ്ക്കായി ഏറ്റെടുക്കാൻ പോകുന്നതെന്ന് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ഭൂമി സർവേയും നടന്നിട്ടില്ല. അതുകൊണ്ടു തന്നെ എത്ര വീടുകളും സ്ഥലവും പോകുമെന്ന കാര്യത്തിലും ധാരണയില്ല. റെയിൽവേലൈൻ വരുന്നതുസംബന്ധിച്ച് നേരത്തെ വിവരമൊന്നുമില്ലാതിരുന്നതിനാൽ ഈ സ്ഥലങ്ങളിൽ താമസിക്കുന്ന നിരവധി പേർ പുതുതായി വായ്പകളും മറ്റും വാങ്ങി വീടുപണി ആരംഭിച്ചിരുന്നു. അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പലരും ഇപ്പോൾ പ്രവൃത്തി നിർത്തി വെച്ചിരിക്കുകയാണ്. ഇതുകൂടാതെ പുതിയതും പഴയതുമായ നിരവധി വീടുകളും സ്ഥലങ്ങളുമാണ് റെയിൽവേ ലൈനിനു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വരികയെന്നതും പ്രദേശവാസികളുടെ നെഞ്ചിടിപ്പേറ്റുന്നു.

പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെയും എഫ്.സി.ഐ. ഗോഡൗണിന്റെയും സമീപം നിലവിലുള്ള റെയിൽവേ ലൈനിന്റെ കിഴക്ക് ഭാഗത്തു കൂടിയാണ് അതിവേഗ റെയിൽപാത കടന്നു പോകുക എന്ന വിവരമാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്. വർഷങ്ങൾക്ക് മുൻപ് എഫ്.സി.ഐ.ഗോഡൗൺ സ്ഥാപിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്തതിനാൽ റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് മമ്പലം ഭാഗങ്ങളിൽ നിരവധി പേർക്ക് സ്ഥലവും വീടും വിട്ടൊഴിയേണ്ടി വന്നിരുന്നു. വീണ്ടും ഒരു കുടിയൊഴിയൽ വേണ്ടി വരുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.