തളിപ്പറമ്പ്: നഗരത്തിൽ മിനിസിവിൽ സ്റ്റേഷനിലും പരിസരത്തും144 വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി സബ് കളക്ടർ എസ്. ഇലക്യ ഉത്തരവിട്ടു. ഇന്നു മുതൽ നിലവിൽ വന്ന ഉത്തരവ് പ്രകാരം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വാഹന പാർക്കിംഗ് അനുവദിക്കില്ല.

കൂട്ടംകൂടിയുള്ള ജനക്കൂട്ടത്തെ മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കില്ല. മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ ഒരു സമയം 5 പരാതിക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ജീവനക്കാരെയും അനാവശ്യമായി ഓഫീസിനകത്തോ വരാന്തയിലോ കൂട്ടം കൂടി നിൽക്കാൻ അനുവദിക്കില്ല. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, തഹസിൽദാർ എന്നിവരെ ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെടുത്തി.

ഉത്തരവ് ലംഘിച്ച് വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്താൽ വാഹനം പിടിച്ചെടുത്ത് കണ്ടുകെട്ടാൻ തളിപ്പറമ്പ് ജോ. ആർ.ടി.ഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ. എൻ.എച്ച് വിചാരണകൾക്ക് നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.