തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നഗരവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ടൗണിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പായുള്ള അർബ്ബൻ ബാങ്കു മുതൽ കൂലേരി സ്കൂൾ വരെയുള്ള പ്രദേശത്താണ് നിയന്ത്രണം. ഇവിടങ്ങളിലുള്ള കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഓട്ടോസ്റ്റാൻഡ്, ഹൈസ്കൂൾ ഗെയ്റ്റിന് മുന്നിലേക്ക് മാറ്റി. ബസ് സ്റ്റാൻഡിൽ നിന്നും വടക്കെ കൊവ്വൽ വരെയുള്ള റോഡ് കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു. ടൗണിൽ അകാരണമായി കറങ്ങുന്നവരെ പൊലീസ് പിടികൂടി താക്കീത് ചെയ്യുന്നുണ്ട്.

നിരീക്ഷണം ശക്തമാക്കിയ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ അടച്ചിട്ടിരിക്കുകയാണ്. പടന്ന, വലിയപറമ്പ് എന്നീ സമീപ പഞ്ചായത്തുകളിലും കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങളും ആരോഗ്യ പ്രവർത്തകരും പൊലീസും അതീവ ജാഗ്രതയിലാണ്.