ചെറുവത്തൂർ: പഞ്ചായത്തിലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് നഗരവാസികളെ ആശങ്കയിലാക്കി. നഗരം പൂർണമായും അടച്ചിടുന്നതിന് പകരം കൊവിഡ് സ്ഥിരീകരിച്ച യുവാവ് സമ്പർക്കത്തിൽ ഏർപ്പെട്ടു എന്ന് കരുതുന്ന ടൗണിലെ മൂന്ന് കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി വിനോദ് എന്നിവർ തമ്മിൽ ചർച്ച നടത്തിയാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള 24 കാരി, മട്ടലായി സ്വദേശിയായ 32 കാരൻ എന്നിവർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. പ്രസവ ചികിത്സ കഴിഞ്ഞു വിശ്രമിക്കുന്ന യുവതിക്ക് പുറത്താരുമായും സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതിനാൽ ആശങ്കക്ക് കാര്യമില്ലെന്ന് പറയുന്നു. മട്ടലായിയിലെ യുവാവ് കയറിയെന്ന് പറയുന്ന സ്ഥാപനങ്ങൾ അടച്ചിടാനാണ് നിർദേശം നൽകിയിട്ടുള്ളത്. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന സ്ഥലത്തും ടൗണിലാകെയും ഇന്ന് മുതൽ പൊലീസ് കർശനമായ നിയന്ത്രണം ഏർപ്പെടുത്തും.

ചെറുവത്തൂർ യൂണിറ്റി ഹോസ്പിറ്റലിനടുത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ സ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ബിഹാറിൽ നിന്ന് ഇവിടെ എത്തിയത്.