photo
കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി നടക്കുന്ന സ്ഥലം എം.എൽ.എ സന്ദർശിച്ചപ്പോൾ

പഴയങ്ങാടി: കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്തുകളിൽ മുടങ്ങിയ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ എം.എൽ.എയുടെ ഇടപെടൽ. മൊറാഴ എടപ്പാറ വയലിൽ കണ്ണപുരം കാരകുന്ന് ടാങ്കിലേക്ക് വരുന്ന പ്രസരണ ശൃംഖലയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് കുടിവെള്ള വിതരണം നിലച്ചത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ടി.വി രാജേഷ് എം.എൽ.എ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു. പൈപ്പ് ലൈൻ വയലിൽ കൂടി ഒരു മീറ്റർ ആഴത്തിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലം ആയതിനാൽ വെള്ളം കെട്ടി നിൽക്കുന്നതും നിലവിൽ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങളും ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തി.

താൽകാലിക പരിഹാരമായി 100 മീറ്ററിലധികം നീളത്തിൽ താൽക്കാലികമായി റോഡിലൂടെ പൈപ്പ് ഇട്ട് നിലവിലുള്ള പ്രസരണ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പ്രവൃത്തി നടക്കുന്ന സ്ഥലം എം.എൽ.എ സന്ദർശിച്ചു. മൂന്ന് ദിവസത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പു നൽകിയിരിക്കുന്നത്.

വയലിൽ മീറ്ററോളം താഴ്ചയിലൂടെയാണ് പൈപ്പ് കടന്നു പോകുന്നത് . ഇത് കാരണം വെള്ളം പൂർണ്ണമായും ഇറങ്ങിയാലെ പൈപ്പ് മാറ്റിയിടാനാകൂ. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഹസൻ കുഞ്ഞി, കെ. മോഹനൻ, കെ.വി നാരായണൻ, പി.വി സജീവൻ, ജലവിഭവ വകുപ്പ് അസി.എക്സി. എൻജിനീയർ നൗഫൽ എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.