കാസർകോട്: 'കൂട്ടുകാരെ, ഞാൻ അൻഷിക. ഇതാണ് നമ്മുടെ കൊച്ചു പഠനമുറി. നിങ്ങൾക്ക് ഇഷ്ടമായോ. എങ്കിൽ പറഞ്ഞേ. ഇതിൽ എന്തെല്ലാം കളിയുപകരണങ്ങൾ ഉണ്ടെന്ന്... ' അഭിനയവും നൃത്തവും പാട്ടും കടങ്കഥയുമായി 'കൊച്ചു ടീച്ചർ' അൻഷിക ഓൺലൈൻ ക്ലാസുകളിലൂടെ കൂട്ടുകാരുടെ മനം കവരുകയാണ്.
ഹൊസ്ദുർഗ് ബി.ആർ.സിയിലെ അദ്ധ്യാപകൻ നടക്കാവ് ഈയ്യക്കാട്ടെ പി. രാജഗോപാലിന്റെയും തളിപ്പറമ്പ് ചിന്മയ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയായ ടി.പി ധന്യയുടെയും മകളാണ് അൻഷിക. കണ്ണൂർ കണ്ണാടിപ്പറമ്പ ദേശസേവ എയ്ഡഡ് യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചുമിടുക്കി. ഗണിത മാലയും കണക്കു ചാർട്ടും 'മിട്ടുപൂച്ച'യും കളിയുപകരണങ്ങളും പരിചയപ്പെടുത്തിയാണ് കൊച്ചു ടീച്ചറുടെ ഓൺലൈൻ ക്ലാസ്.
ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പഠനരീതിയെ അനുകരിച്ചാണ് കൊച്ചു ടീച്ചറുടെ രംഗപ്രവേശം. മിട്ടു പൂച്ചയുടെ കഥ പറഞ്ഞു ഓൺലൈൻ ക്ലാസെടുത്ത സായിശ്വേത ടീച്ചറും അൻഷികയെ ആകർഷിച്ചു.അച്ഛനും അമ്മയ്ക്കും അവരുടെ ജോലി തിരക്കിൽ മക്കളുടെ പഠനകാര്യത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നപ്പോൾ വെറുതെയിരുന്നുള്ള വിരസത മാറ്റാൻ അൻഷിക കണ്ടുപിടിച്ച മാർഗമാണ് ഓൺലൈൻ ക്‌ളാസിന്റെ അനുകരണം. മുതിർന്ന ടീച്ചർമാരുടെ ക്ലാസിനെ അനുകരിക്കലാണ് അൻഷികയുടെ ഇപ്പോഴത്തെ ഹോബി. വീട്ടിൽ ഉള്ളപ്പോൾ അച്ഛനെ മുന്നിൽ പിടിച്ചിരുത്തി ക്ലാസ്സെടുക്കും. അല്ലെങ്കിൽ പാവകളെ ഇരുത്തിയാണ് കൊച്ചു ടീച്ചറുടെ ക്ലാസ്സ്. അദ്ധ്യാപികമാർ പഠിപ്പിക്കുന്നത് പോലുള്ള പഠനോപകരണങ്ങൾ വാങ്ങിക്കാൻ അച്ഛനോട് വാശിപിടിക്കും. ഡോക്ടർ ആകണമെന്ന മോഹവുമായാണ് കൊച്ചുമിടുക്കി പഠിച്ചു തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഓൺലൈൻ ക്ലാസിലേക്ക് പഠനം വഴിമാറിയതോടെ ആഗ്രഹവും മാറ്റി. അൻഷികയ്ക്ക് ഇനി ടീച്ചർ ആയാൽ മതി.
കൊച്ചു മിടുക്കി ഓൺലൈൻ ക്ലാസ് എടുക്കുന്ന വീഡിയോയും ചിത്രങ്ങളും കണ്ട ക്ലാസ് ടീച്ചറും അദ്ധ്യാപകരും ഏറെ അഭിനന്ദിച്ചു. ഇങ്ങനെ തന്നെ ചെയ്തു പഠിക്കാനായിരുന്നു ടീച്ചർമാരുടെ ഉപദേശം. ജ്യേഷ്ഠൻ ടി.പി ആദിഷ് ദേശസേവ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.