തലശ്ശേരി: ഓട്ടിസത്തിന്റെ ദുരിതലോകത്ത് പിറന്നു വീണ ഏകമകൻ രാഹുലിന്റെയും നട്ടെല്ല് വളഞ്ഞ് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത 82കാരനായ പിതാവ് ചമ്പാട് അരയാക്കൂൽ കോടഞ്ചേരി വീട്ടിൽ രാഘവന്റെയും കരളലിയും കഥയറിഞ്ഞ് സംരക്ഷണത്തിനായി സുമനസ്സുകൾ എത്തി .
'അച്ഛനുറങ്ങില്ല കോടഞ്ചേരി വീട്ടിൽ ' എന്ന തലക്കെട്ടിൽ ജൂലായ് 25 ന് 'കേരളകൗമുദി"യിൽ വന്ന സ്‌പെഷ്യൽ സ്റ്റോറിയാണ് ഇവർക്ക് തുണയായത്. ഒൻപത് മക്കളും ഗർഭാവസ്ഥയിൽ മരിച്ചതിന് ശേഷമാണ് അമ്മ ശാന്ത രാഹുലിന് ജന്മം നൽകിയത്. ഇരുവർക്കും ഏക ആശ്രയമായിരുന്ന ശാന്ത എട്ട് മാസം മുമ്പ് മരിച്ചതോടെ ഇരുവരും ഇരുളിൽ ഇഴയുകയായിരുന്നു. രാഹുലിന് കണ്ണൂർ മേലെചൊവ്വയിലെ പ്രത്യാശ ഭവനാണ് അഭയം നൽകിയത്. ജീവകാരുണ്യ പ്രവർത്തകൻ ബാബു പാറാലിന്റെ നേതൃത്വത്തിൽ നാട്ടുകാരും പാനൂർ ജനമൈത്രി പൊലീസും ചേർന്ന് രാഹുലിനെ അഭയകേന്ദ്രത്തിലാക്കി.
മകനെ വേർപിരിഞ്ഞ് തനിച്ചായ നിത്യരോഗിയായ രാഘവനെ സംരക്ഷിക്കുവാനും വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാനുമായി നാട്ടുകാർ കമ്മിറ്റി രൂപികരിച്ച് പാനൂർ ഗ്രാമീണ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് KLGB O04062. അക്കൗണ്ട് നമ്പർ 40602101060081.