കാസർകോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെങ്കളയിൽ അതീവ ജാഗ്രത. വിവാഹ വീട്ടിൽ സംബന്ധിച്ച നിരവധി പേർക്ക് രോഗം ബാധിച്ച പഞ്ചായത്തിലെ ചില വാർഡുകളിൽ കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇത്തവണ ബലിപെരുന്നാൾ പ്രാർത്ഥനകൾ നടക്കുന്ന സ്ഥലങ്ങളിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ ഇറച്ചി വ്യാപാരം നടത്തുന്നവരുമായി ചെങ്കള ആരോഗ്യ വകുപ്പ് ബുധനാഴ്ച രാവിലെ 10 മണിക്ക് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചർച്ച നടത്തും.

ചൊവ്വാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ സാമൂഹിക അകലം ഉറപ്പാക്കാത്തതിനാലും, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങി കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച നായന്മാർമൂല, നെല്ലിക്കട്ട എന്നീ സ്ഥലങ്ങളിലെ ഓരോ കടകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. പ്രോട്ടോക്കാൾ ലംഘിച്ച വ്യാപാരികളെ ക്വാറന്റൈനിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോക്കാൾ ലംഘിക്കുകയും അശ്രദ്ധ കാണിക്കുകയും ചെയ്താൽ കർശന നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് ചെങ്കള ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് കെ.എസ് രാജേഷ് അറിയിച്ചു.