കാസർകോട്: ചട്ടഞ്ചാലിൽ നിർമ്മാണം നടന്നുവരുന്ന ടാറ്റ കൊവിഡ് ആശുപത്രിയുടെ ജോലിക്കെത്തിയ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ കൂടെ ജോലി ചെയ്തുകൊണ്ടിരുന്ന ഏതാനും തൊഴിലാളികളെ ക്വാറന്റൈനിൽ പാർപ്പിച്ചു. ആശുപത്രി നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ഓപ്പറേഷൻ മാനേജർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് തൊഴിലാളികൾക്കും രോഗം ബാധിച്ചത്.
തെലുങ്കാന സ്വദേശികളാണ് രോഗം പിടിപെട്ട തൊഴിലാളികൾ. ടാറ്റ ആശുപത്രിയുടെ നിർമ്മാണ ജോലികൾ നടത്തിവരുന്ന 60 ഓളം തൊഴിലാളികളിൽ ഭൂരിഭാഗം പേരും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. സാങ്കേതിക വിദഗ്ദ്ധരായ തൊഴിലാളികൾ മാത്രമാണ് മലയാളികളായുള്ളത്.
ആശുപത്രിയിൽ കൊവിഡ് വാർഡുകൾ സജ്ജീകരിക്കുന്ന കണ്ടെയ്നറുകൾ കൊണ്ടുവന്നതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എറണാകുളത്തെ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ ജോലികൾ ഏറ്റെടുത്തു നടത്തുന്നത്. നാലുപേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൊഴിലാളികളിൽ പലരെയും ഇന്നലെ ആരോഗ്യവകുപ്പ് അധികൃതർ ടെസ്റ്റിന് വിധേയമാക്കി. ഇതിന്റെ റിസൾട്ട് പുറത്തുവന്നിട്ടില്ല. കൂടുതൽ പേർക്ക് രോഗം പിടിപെടുന്ന സ്ഥിതിയുണ്ടായാൽ അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന കൊവിഡ് ആശുപത്രിയുടെ നിർമ്മാണ ജോലികൾ മുടങ്ങിയേക്കും.