കാസർകോട്: കർണ്ണാടക മെഡിക്കൽ എ ൻജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ 343 വിദ്യാർത്ഥികൾക്കായി 30 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ കാഞ്ഞങ്ങാട് നിന്ന് തലപ്പാടി വരെ 11 കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. രാവിലെ 5.30 മുതൽ ഒരോ മിനിറ്റും ഇടവിട്ട് 11 ബസുകളാണ് ഒരുക്കിയിട്ടുള്ളത്. ആറ് ബസുകൾ കാഞ്ഞങ്ങാട് മാവുങ്കാൽ ചെർക്കള വഴിയും അഞ്ച് ബസുകൾ ചന്ദ്രഗിരി വഴിയുമാണ് തലപ്പാടിയിലെത്തുന്നത്. എവിടെ നിന്ന് വേണമെങ്കിലും വിദ്യാർത്ഥികൾക്ക് ബസിൽ കയറാൻ അവസരമുണ്ട്.

എവിടെ നിന്ന് വിദ്യാർത്ഥികൾ കൈ കാണിച്ചാലും ബസുകൾ നിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ബസിൽ കയറുന്നവരെ തലപ്പാടിയിൽ മാത്രമേ ഇറക്കൂ. പരീക്ഷ കഴിഞ്ഞ് തലപ്പാടിയിൽ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്കായി വൈകീട്ട് അഞ്ച് മുതൽ കാഞ്ഞങ്ങാട് വരെയും കെ.എസ്.ആർ.ടി.സി ബസ് ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും ബസിൽ കയറാവുന്നതാണെന്ന് കളക്ടർ അറിയിച്ചു. തലപ്പാടിയിൽ നിന്ന് 7.30 ന് കർണാടക സർക്കാറിന്റെ വാഹനം പുറപ്പെടും. ഫോൺ: ബംഗളൂരു 0802 3462758, ജില്ലാ കൺട്രോൾ റൂം 04994 255 001.


ക്വാറന്റൈൻ നിർബന്ധം

പരീക്ഷ എഴുതി തിരികെ എത്തുന്ന വിദ്യാർത്ഥികൾ നിർബന്ധമായും 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയണം. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാൻ കർണാടക സർക്കാർ അനുമതി നൽകിയാൽ മടങ്ങിയെത്തുന്ന രക്ഷിതാക്കളും നിർബന്ധമായും 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയണം. സ്വകാര്യ വാഹനങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാൽ പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോൾ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇവരും 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയണം.