മാഹി: എ.ഐ.എ.ഡി.എം.കെ മാഹി മേഖലാ കൺവീനറും കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുമായിരുന്ന സി.കെ. ഭാസ്കരന്റെ ഡോ: അംബേദ്ക്കർ സൂളിന്നടുത്ത്, വെസ്റ്റ് പള്ളൂരിലുള്ള 'ഗോകുലം'വീടും, ടാറ്റാ നെക്‌സോൺ കാറും തകർക്കുകയും, ഭാര്യ ശൈലജയേയും മകൾ നിമ്മിയേയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഏഴ് സി.പി.എം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൊവിഡ് ടെസ്റ്റ് നടത്തി ക്വാറന്റൈനിലാക്കി. ഫലം വന്നാൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ഭാസ്‌കരന്റെ മകൻ ബി.ജെ.പിക്കാരനായ സജേഷിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഇതിന്റെ തുടർച്ചയെന്നോണം രാത്രി സി.പി.എം പ്രവർത്തകനായ കുഞ്ഞിപറമ്പത്ത് രാജീവന്റെ വീടിന് ബോംബേറ് നടത്തിയ സംഭവത്തിൽ 15 ബി.ജെ.പി പ്രവർത്തകർക്കെതിരെ പള്ളൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു മാസം മുമ്പ് കേരളാ അതിർത്തിയിലുള്ള ബി.ജെ.പിയുടെ കൊടിമരം നശിപ്പിച്ചതിന് നാല് സി.പി.എം പ്രവർത്തകർക്കെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തിരുന്നു. 8 ന് വൈകീട്ട് മുക്കുവൻ പറമ്പ് കോളനിക്കടുത്ത് വെച്ച് ബി.ജെ.പി പ്രവർത്തകനായ മാനസിനെ ഭീഷണിപ്പെടുത്തുകയും, കൈയേറ്റം ചെയ്യുകയും ചെയ്തതിന് നാല് സി.പി.എം പ്രവർത്തകർക്കെതിരെ പളളൂർ പൊലീസ് കേസെടുത്തു.
മാഹി പൊലീസ് സൂപ്രണ്ട് യു. രാജശേഖരൻ, സി.ഐമാരായ ആടലരശ്, വി.എം മനോജ് എന്നിവരുടെ നേതൃത്വത്തിൽ കേസന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.