road

കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പ്- മുഴപ്പിലങ്ങാട് റീച്ചിനും കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ ടെൻഡർ നടപടികൾ ഈ മാസം തുടങ്ങുന്നതിനുള്ള ക്രമീകരണം ആരംഭിച്ചു. സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലാണ്. കണ്ണൂർ- തലശേരി ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്.

അഞ്ചിനു മുമ്പ് കടകൾ പൂർണമായും ഒഴിഞ്ഞു കൊടുക്കാനുള്ള നോട്ടീസ് എല്ലാ വ്യാപാരികൾക്കും അധികൃതർ നേരിട്ട് എത്തിച്ചു. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഒഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ അനിശ്ചിതത്വമുണ്ടായിരുന്ന മുഴപ്പിലങ്ങാട് കുളം ബസാറിലെ ആറു വരിപ്പാത കടന്നുപോകുന്ന നിലവിലെ ദേശീയപാതയോട് ചേർന്നു നിൽക്കുന്ന കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും അധികൃതർ ഒഴിപ്പിച്ചു.

നീലേശ്വരം–തളിപ്പറമ്പ് റീച്ചിന് നേരത്തെ കേന്ദ്ര അംഗീകാരം ലഭിച്ചിരുന്നു. പ്രവൃത്തി ടെൻഡർ ഘട്ടത്തിലാണ്. കണ്ണൂർ ജില്ലയിൽ കാലിക്കടവ് മുതൽ കുറ്റിക്കോൽ പാലം വരെയുള്ള 30.500 കിലോമീറ്റർ റോഡ് ഈ റീച്ചിലാണ്. ഇതിൽ പയ്യന്നൂർ, തളിപ്പറമ്പ് ബൈപ്പാസുകളുടെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകാനുണ്ട്.

കുറ്റിക്കോൽ പാലം- മുഴപ്പിലങ്ങാട് 35.6 കി.മി

സിവിൽ പ്രവൃത്തികൾക്ക് 1428.94 കോടി

സ്ഥലമെടുപ്പിന് 1234.80 കോടി

ജില്ലയ്ക്ക് കിട്ടിയത് 586 കോടി

കിട്ടാനുള്ളത് 344 കോടി

നഷ്ടപരിഹാരം നൽകിത്തുടങ്ങി

മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, എടക്കാട്, ചേലോറ, മൊറാഴ വില്ലേജുകളിൽ 70 ശതമാനം തുക വിതരണം ചെയ്തു.

എളയാവൂർ വില്ലേജിൽ കൊടുത്തു തുടങ്ങി. പാപ്പിനിശേരി, കല്യാശേരി വില്ലേജുകളിൽ പണം ലഭിക്കുന്നതേയുള്ളൂ. വലിയന്നൂർ, പുഴാതി, ചിറക്കൽ വില്ലേജുകളിൽ വില നിർണയം പൂർത്തിയായി. നീലേശ്വരം - കുറ്റിക്കോൽ റീച്ചിൽപ്പെടുന്ന ചില വില്ലേജുകൾക്കും ഫണ്ട് ലഭിക്കാനുണ്ട്. വലിയന്നൂർ, പുഴാതി വില്ലേജിലെ സ്ഥലമെടുപ്പ് നടപടി തുടങ്ങി. ചിറക്കൽ ഉൾപ്പെടെയുള്ള വില്ലേജുകളും സ്ഥലമെടുപ്പിലേക്ക് കടക്കുകയാണ്.സബ്കളക്ടർമാരും തഹസിൽദാർമാരും ഉൾപ്പെട്ട വലിയസംഘം തന്നെ ദേശീയപാത വികസനം ലക്ഷ്യമാക്കിയുള്ള സ്ഥലമെടുപ്പിനു പിറകെയുണ്ട്. കീഴാറ്റൂർ ബൈപ്പാസിലേതുപോലെ മോഹവില നൽകിയാണ് സ്ഥലമേറ്റെടുക്കുന്നത്.

നാഷണൽഹൈവേ