marage

കാസർകോട് : ചെങ്കളയിലെ വിവാഹ വീട്ടിൽ 43 പേർക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ കാസർകോട് ജില്ലയിൽ വീണ്ടും വിവാഹ വീട്ടിൽ കൊവിഡ് വ്യാപനം. കല്യാണവീട്ടിൽ എത്തിയ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ കൈക്കോട്ട് കടവിലെ ഒരു വീട്ടിൽ ഈ മാസം എട്ടാം തീയതി നടന്ന വിവാഹചടങ്ങിൽ സംബന്ധിച്ച ആളുകൾക്കാണ് രോഗബാധ ഉണ്ടായത്.

രോഗം സ്ഥിരീകരിച്ചതോടെ വിവാഹചടങ്ങിൽ പങ്കെടുത്തു എന്ന് കരുതുന്ന 54 പേരെ ഉടുമ്പുന്തല പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ റാൻഡം ടെസ്റ്റിന് വിധേയരാക്കി. കല്യാണ ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരോടും ബന്ധുക്കളോടും ക്വോറന്റൈനിൽ പോകാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ ചടങ്ങ് നടത്തിയ വരന്റെ പിതാവിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 62 കാരനായ ഇദ്ദേഹത്തിൽ നിന്ന് ആകാം മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്. 20 ദിവസം മുൻപ് ഇദ്ദേഹം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ റിസൾട്ട് നെഗറ്റീവ് ആയിരുന്നു എന്ന് പറയുന്നു. ആരോഗ്യനില പരിഗണിച്ച് സംശയം തോന്നിയ ആരോഗ്യവകുപ്പ് അധികൃതർ ഇദ്ദേഹത്തോട് വീണ്ടും ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ച വിവാഹ തീയതി അടുത്തതിനാൽ കൊവിഡ് ടെസ്റ്റ് നടത്തിയില്ല. ഗൃഹനാഥന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. ഉറവിടം കണ്ടെത്താനുള്ള പരിശ്രമം ആരോഗ്യ വകുപ്പ് നടത്തിവരികയാണ്.

കൈക്കോട്ടുകടവിൽ കല്യാണ വീട്ടിൽ നിന്ന് കൊവിഡ് പകരുന്നതിനു മുമ്പ് തൊട്ടടുത്ത ഉടുമ്പും തലയിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പയ്യന്നൂരിലെ മെഡിക്കൽ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ് രോഗം ബാധിച്ച രണ്ടുപേരും.

ചന്തേരയിൽ നിരോധനാജ്ഞ

തൃക്കരിപ്പൂർ, ചെറുവത്തൂർ, പടന്ന ഭാഗങ്ങളിൽ ആശങ്ക പരത്തി

കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതം ഗതാഗതവും കടകൾ തുറക്കുന്നതും നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാം