കാഞ്ഞങ്ങാട്: ഒന്നും രണ്ടുമല്ല, ബല്ല അടമ്പിലെ എ.വി. പ്രദീപ് കുമാറിനും സഹോദരൻ സുനിലിനും ബസുകൾ അഞ്ചെണ്ണമാണ്. പക്ഷേ കൊവിഡ് കാലംമാറ്റിയപ്പോൾ കോഴിവ്യാപാരത്തിലാണ് ഇരുവരും കൈവച്ചിരിക്കുന്നത്.
ഇരുവരുടേയും ഉടമസ്ഥതയിലുള്ള അഞ്ജലി ബസുകൾ വീട്ടുപറമ്പിൽ വിശ്രമത്തിലാണ്. പുതിയ തൊഴിലിൽ നിന്ന് മോശമല്ലാത്ത വരുമാനം കിട്ടുന്നുവെന്ന് ഇരുവരും പറയുന്നു. ആട്, പന്നി എന്നിവയുടെ ചെറിയ കച്ചവടവും ഇവർ ഏറ്റെടുത്തിട്ടുണ്ട്.
കാഞ്ഞങ്ങാട്ടു നിന്ന് പാണത്തൂർ കൊന്നക്കാട്, ബന്തടുക്ക, കാരാക്കോട്ട് എന്നിവിടങ്ങളിലേക്ക് നിറയെ യാത്രക്കാരുമായാണ് അഞ്ജലി ഗ്രൂപ്പിന്റെ ബസുകൾ കൊവിഡ് വരുന്നതിനു മുമ്പ് പോയിരുന്നത്. അടിക്കടിയുള്ള ഡീസൽ വിലവർദ്ധന; സ്പെയർ പാർട്സുകളുടെ വിലക്കയറ്റം, മൂന്നു മാസം കൂടുമ്പോൾ അടയ്ക്കേണ്ട നികുതി, തൊഴിലാളികളുടെ കൂലി എന്നിവ കഴിഞ്ഞാൽ ഉടമയ്ക്ക് കിട്ടുന്നത് നാമമാത്രം. ഇങ്ങനെ ഈ വ്യവസായം നടത്തിക്കൊണ്ടുപോകാൻ പാടുപെടുമ്പോഴാണ് ഇടിത്തീ പോലെ കൊവിഡ് 19 പടർന്നുപിടിച്ചത്. ആദ്യ ലോക്ക് ഡൗൺ പിൻവലിച്ചതിനു ശേഷം രണ്ടു ബസുകൾ ഇറക്കി. തൊഴിലാളികൾക്കു നൽകേണ്ട കൂലി പോലും കിട്ടിയില്ലെന്ന് പ്രദീപൻ പറഞ്ഞു,
ഇതിനിടയിൽ ചാർജിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും ഒരാഴ്ചയിലേറെ ഡീസൽ വില കൂടിക്കൊണ്ടേയിരുന്നത് ക്ഷീണമായി. അതോടെയാണ് ബസുകളെല്ലാം വീട്ടുപറമ്പിൽ കയറ്റിവച്ചതെന്ന് പ്രദീപൻ പറഞ്ഞു. ഉപജീവനത്തിനെന്തു വഴിയെന്നു ചിന്തിച്ചപ്പോഴാണ് കോഴി വ്യാപാരം തുടങ്ങാമെന്നുവച്ചത്. ഭക്ഷ്യസാധനങ്ങൾക്ക് ആളുകൾ ഏറെ ഉണ്ടാകുമെന്നതിനാലാണ് ഈ കച്ചവടം തുടങ്ങിയതെന്ന് പ്രദീപന്റെ സഹോദരൻ സുനിൽ പറഞ്ഞു. കോഴിക്കട സുനിലിന്റെ നിയന്ത്രണത്തിലാണ്.
ബസ് ഓടിക്കുന്നതിനേക്കാൾ എത്രയോ ആശ്വാസമാണിപ്പോഴെന്ന് ഇവർ പറയുന്നു. അഞ്ചു ബസുകളും ഒരു ദിവസം ഓടിയാൽ വൈകുന്നേരം കണക്കുകൾ നോക്കുമ്പോൾ ഒന്നും ബാക്കിയുണ്ടാകില്ല. എന്നാലിപ്പോൾ ഒരാളുടെ ചെലവിനുള്ളത് ഇവിടെ നിന്നു കിട്ടുമെന്നാണ് ഈ ബസ് മുതലാളിമാർ പറയുന്നത്.