kadal
കണ്ണൂർ മൈതാനപ്പള്ളിയിലുണ്ടായ കടലാക്രമണത്തിൽ നിന്ന്.

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂരിന്റെ തീരപ്രദേശം ശക്തമായ കടലാക്രമണ ഭീഷണിയിൽ. തയ്യിൽ, മൈതാനപള്ളി, പുതിയങ്ങാടി, മാട്ടൂൽ, തലശേരി ചാലിൽ, ഗോപാലപ്പേട്ട പ്രദേശങ്ങളിലാണ് കടൽ കലിപൂണ്ടുനിൽക്കുന്നത്. നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിലാണ്.

കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ സിറ്റി, മൈതാനപ്പള്ളി ഭാഗത്തെ വീടിന്റെ ചുറ്റുമതിൽ തകർന്നു. പ്രദേശത്തെ പല വീടുകൾക്കും കേടുപാടുണ്ടായി. വേണ്ടിവന്നാൽ പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കുമെന്നും അതിനുള്ള കേന്ദ്രങ്ങൾ സജ്ജമായിട്ടുണ്ടെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. രണ്ടിടത്ത്‌ കടൽ ഭിത്തി തകർന്നതാണ് കടലാക്രമണം രൂക്ഷമാകാൻ കാരണം. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ തകർന്ന കടൽഭിത്തികൾ പുനഃ:സ്ഥാപിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനവും വറുതിയും ഭീതി വിതയ്ക്കുന്നതിനിടെയാണ് തീരദേശ വാസികളെ തേടി കടലാക്രമണ ഭീഷണിയുമെത്തുന്നത്. ആയിക്കരയ്ക്ക് സമീപം തയ്യിൽക്കടപ്പുറത്ത് ശക്തമായ തിരമാലകൾ രൂപമെടുത്തിരുന്നു. ച സംരക്ഷണ ഭിത്തികൾ തകർന്നതോടെ വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്.

തലശ്ശേരിയിൽ തലായി മാക്കൂട്ടം മുതൽ പെട്ടിപ്പാലം വരെയുള്ള മേഖലകളിൽ ഇന്നലെയും തിരമാലകൾ ഇരച്ചുകയറി.ഇവിടെ സ്ഥിതി നിയന്ത്രാണാതീതമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി നാല് സ്‌കൂളുകളാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്.

ന്യൂമാഹി പരിമഠം കടലോരത്ത് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് പുറംപോക്കിൽ താമസിക്കുന്ന ഒൻപത് വീട്ടുകാർ ഉൾപ്പെടെ 50 ഓളം കുടുംബങ്ങൾ ഭീതിയിലായി. ഇന്നലെ പുലർച്ചെ മുതൽ അതിശക്തമായ തിരമാലകളാണ് കടൽഭിത്തി മറികടന്ന് സമീപത്തെ വീടുകളിലേക്കു കടന്നുവരുന്നത്. വെള്ളം ഇരച്ചുകയറി വീട്ടുപകരണങ്ങൾ പലതും നശിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കൊതോത്തികല്ല് മുതൽ പ്രസ് വളപ്പ് വരെയുള്ള പ്രദേശങ്ങളിലാണ് വൻതോതിൽ കടലാക്രമണമുണ്ടായത്. രണ്ടാഴ്ചയായി കടലാക്രമണമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മൂന്നു ദിവസങ്ങളിലാണ് അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. തലശേരി തഹസിൽദാരും പൊലീസ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലം സന്ദർശിച്ചു. തീരത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.