തൃക്കരിപ്പൂർ :കൊവിഡ് സമ്പർക്ക വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ തൃക്കരിപ്പൂരും പരിസരങ്ങളിലും ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതു പ്രകാരം ഈ പ്രദേശങ്ങളിൽ എല്ലാ അഭ്യന്തര ഓട്ടോ, ടാക്സി സർവ്വീസുകൾ , പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചു.ഇതോടെ കാസർകോട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന പൊലീസ് സ്റ്റേഷൻ പരിധികളുടെ എണ്ണം ആറായി.
കടകമ്പോളങ്ങൾ രാവിലെ 11 മുതൽ വൈകീട്ട് 5 മണി വരെ മാത്രമെ പ്രവർത്തിക്കാവുന്നെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്പർക്കം മൂലമുള്ള കൊവിഡ് വ്യാപനം തുടരുന്നതിനാലാണ് കടുത്ത നിയന്ത്രണങ്ങളെടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറായത്. കൈക്കോട്ടുകടവ് ,ഉടുമ്പുന്തല, പൂവളപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സമ്പർക്ക വ്യാപനം തുടരുകയാണ്.
ഉടുമ്പുന്തല പി .എച്ച് .സി യിൽ 45 പേരിൽ നടത്തിയ റാൻഡം ടെസ്റ്റിൽ ആറുപേരുടെ റിസൾട്ട് പോസിറ്റീവായിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കണക്കിൽ ഒരു കുടുംബത്തിലെ പതിമൂന്നാം വാർഡിലെ രണ്ടു പേർക്കും പതിനഞ്ചാം വാർഡിലെ മൂന്നു പേർക്കും, മഞ്ചേശ്വരം ജോലി ചെയ്യുന്ന തൃക്കരിപ്പൂർ പഞ്ചായത്തിലെ പൂച്ചോലിലെ പൊലീസ് ഉദ്യോഗസ്ഥനും, കൂടാതെ എട്ടിക്കുളത്ത് വർക്ക് ചെയ്യുന്ന പതിനാലാം വാർഡിലെ ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ കൊവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വലിയപറമ്പ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെയും പടന്നക്കടപ്പുറം ഹെഡ്ഡോഫിസിന്റെയും മാവിലാകടപ്പുറം ബ്രാഞ്ചിന്റെയും പ്രവർത്തന സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ക്രമീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.