കൂത്തുപറമ്പ് :നിർമ്മലഗിരിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട വൃദ്ധനെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശി ദാസനാണ് (65) അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചലിന് ശേഷം നീർവ്വേലിയിൽ നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
ഇന്നലെ പുലർച്ചെ ആറര മണിയോടെയാണ് കോഴിക്കോട് സ്വദേശിയായ ദാസൻ നിർമ്മലഗിരിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്. നേരത്തെ കോഴിക്കോട് ജില്ലയിലെ ക്വാറന്റീൻ കേന്ദ്രത്തിലായിരുന്ന ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ട് കൂത്തുപറമ്പിലെത്തുകയായിരുന്നു. മദ്യാസക്തിയിൽ അലക്ഷ്യമായി നടക്കുകയായിരുന്ന ദാസനെ തിങ്കളാഴ്ച്ചയാണ് കണ്ടെത്തിയത്. തുടർന്ന് മാങ്ങാട്ടിടം പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്വാറന്റീൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ക്വാറന്റീൻകേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. നീർവ്വേലി ഭാഗത്ത് വച്ച് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് സി.ഐ.ബിനു മോഹൻ, എസ്.ഐ.പി.ബിജു, എ.എസ്.ഐ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദാസനെ കസ്റ്റഡിയിലെടുത്തത്. ദാസനെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സി.ഐ.പറഞ്ഞു.ദാസനെ പിന്നീട് പുറക്കളം ഗവ: എൽ.പി.സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്രവ ശേഖരണ കേന്ദ്രത്തിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കി.