കാസർകോട്: സ്കൂൾ വിദ്യാർത്ഥിനിയുടെ കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചു കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്ത ആർ ഡി നഗർ കാളിയങ്കാട് പട്ടികജാതി കോളനിയിലെ കെ മഹേഷിനെ (32) ഇതുവരെയും കണ്ടെത്തിയില്ല. ജൂൺ 21 ന് രാത്രി 11.30 മണിയോടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചുകൊണ്ട് വരികയും 22 ന് രാവിലെ പത്ത് മണിയോടെ കാസർകോട് ബീച്ചിലെ പുലിമുട്ടിന് സമീപം വെച്ച് കടലിൽ ചാടിയെന്നും പറയുന്ന മഹേഷിനെ എട്ട് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. നാട്ടുകാരും തീരദേശ പൊലീസും നീന്തൽ വിദഗ്ദ്ധരും വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും കടലിൽ ചാടിയ മഹേഷിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉപ്പള മുതൽ തൃക്കരിപ്പൂർ കടപ്പുറം വരെയുള്ള ഭാഗങ്ങളിൽ കോസ്റ്റൽ പൊലീസ് അരിച്ചുപെറുക്കിയിരുന്നു. ഒളിപ്പിച്ചു വെച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ കടപ്പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഇയാൾ പൊലീസിനെ വെട്ടിച്ചു കടലിൽ ചാടുകയായിരുന്നു. അതേസമയം പൊലീസ് പറയുന്ന കഥയിൽ ദുരൂഹതയുണ്ടെന്നും മഹേഷിനെ അന്യായമായാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും ക്രിമിനൽ കേസുകളിലൊന്നും പ്രതിയല്ലാത്ത സഹോദരനെ പൊലീസ് കൈവിലങ്ങ് അണിയിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു മഹേഷിന്റെ സഹോദരി കെ. ചന്ദ്രാവതി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പൊലീസ് പറയുന്ന കഥ വിശ്വസിച്ചാൽ തന്നെ ജാമ്യം കിട്ടാവുന്ന കുറ്റമായിരുന്നിട്ടും മഹേഷിനെ കൈവിലങ്ങ് അണിയിച്ചു കടപ്പുറത്ത് കൊണ്ടുപോയത് ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ചന്ദ്രാവതി പരാതിയിൽ പറയുന്നു.