photo
മാടായി കോട്ട

പഴയങ്ങാടി:പ്രാചീനകേരളചരിത്രത്തിൽ തലയെടുപ്പോടെ നിന്ന ഏഴിമല മൂഷകരാജാക്കൻമാരുടെ സ്ഥാനാരോഹണചടങ്ങുകൾ കൊണ്ടാടിയിരുന്ന മാടായികോട്ട എന്ന തെക്കിനാക്കൽ കോട്ട ഇപ്പോൾ സമൂഹ്യവിരുദ്ധരുടെ പിടിയിൽ. മാടായിപാറയിലെത്തുന്നവർ കടന്ന് ചെല്ലാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് കോട്ട ഇപ്പോൾ.

പന്ത്രണ്ടാം നൂറ്റാണ്ടുകളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ മാടായിക്കോട്ട ഭാഗികമായി നശിച്ചു പോയെന്നും കില്ലാനദി ഗതിമാറി തെക്കോട്ട് ഒഴുകിയെന്നും മൂഷികവംശ ചരിതരേഖകളിൽ പറയുന്നുണ്ട്. . അനുഷ്ഠാന കർമ്മങ്ങൾക്കും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യമുള്ള ഇടംകൂടിയാണിത്. മാടായികാവിലെ പൂരമഹോത്സവുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകൾ ഇവിടെ നടത്താറുണ്ട്. മാടായിക്കോട്ടയിൽ വച്ചാണ് ദാരികനിഗ്രഹം നടന്നതെന്നും കാവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ പറയുന്നു.

വടക്കൻ കേരളത്തിലെ കോട്ടകൾ പുതുക്കിപ്പണിയാനായി പുരാവസ്തു വകുപ്പിന്റെ തീരുമാനിച്ച പ്രകാരം 2010ൽ കോട്ടയുടെ ചില ഭാഗങ്ങൾ പുരാവസ്തു വകുപ്പ് പുനരുദ്ധരിച്ചിരുന്നു. ജൂതക്കുളവും ചതുരക്കുളവും നവീകരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. .

പ്രകൃതിരമണീയമായ കോട്ട ഇന്ന് മദ്യപന്മാരുടെയും മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടേയും കേന്ദ്രമാണ്. അറബിക്കടലും ഏഴിമലയും സംഗമിക്കുന്നത് ഇവിടെ നിന്നാൽ കാണാൻ കഴിയും. പ്രദേശവാസികൾക്ക് പോലും അന്യമാകുന്ന കോട്ട കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കാൻ മുന്നോട്ട് വന്നെങ്കിലും പാതിവഴിയിൽ ആ ശ്രമം ഉപേക്ഷിച്ചു. ചരിത്രപ്രസിദ്ധമായ മാടായിക്കോട്ട സംരക്ഷിക്കുവാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്നാണ് നാട്ടുകാരുടെയും ചരിത്രവിദ്യാർത്ഥികളുടെയും ആവിശ്യം.മാടായി പഞ്ചായത്തിൽ ഉൾപ്പെട്ട കോട്ട ചിറക്കൽ ദേവസത്തിന്റെ കീഴിൽ നിന്ന് കേരള ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

മാടായി കോട്ട(തെക്കിനാക്കൽകോട്ട)​
കണ്ണൂർ മാടായി പഞ്ചായത്തിലെ മാടായിപ്പാറക്ക് മുകളിൽ തെക്കേയറ്റത്താണ ഈ പുരാതനകോട്ട. മൂഷകവംശത്തിലെ ശ്രീ വല്ലവൻ പണികഴിപ്പിച്ചതാണെന്ന് വിശ്വാസം. 1765-68 കാലഘട്ടത്തിൽ ഹൈദരലിയുടെയും കോലത്തുരാജാവിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടിയത് ഇതിന് സമീപമുള്ള മൈതാനത്തിലാണ്.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടയുടെ അടിത്തറകൾ മാത്രമാണ് ബാക്കിയായത്. ഉള്ളിലായി ആഴമേറിയ മൂന്നു കിണറുകൾ ഇപ്പോഴുമുണ്ട്.സമീപത്ത് വേറെയും ചില കോട്ടകൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം കാലക്രമേണ അവശിഷ്ടങ്ങൾ പോലുമില്ലാത്ത രീതിയിൽ നശിച്ചു കഴിഞ്ഞു.

ഏഴിമല രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് ഈ കോട്ട.
പിൽകാലത്ത് കോലത്തിരി രാജാവിന്റെ പടനായകനായ മുരിക്കഞ്ചേരി കേളുവിന്റെ അധീനതയിലായിരുന്നു ഈ കോട്ട.