ചെറുവത്തൂർ: മയ്യിച്ച ദേശീയപാതയിൽ റോഡ് അപകടങ്ങളൊഴിവാകുന്നില്ല. കണ്ടെയ്നർ ലോറി കുഴിയിലേക്ക് മറിഞ്ഞു. ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ മൂലം കുപ്രസിദ്ധി നേടിയ റോഡാണ് മയ്യിച്ചയിലേത്.
തേജസ്വിനി പുഴയുടെ പാലത്തിലേക്കെത്തിച്ചേരുന്ന ഈ റോഡിന്റെ വീതി കുറവാണ് അപകടത്തിന് കാരണമാകുന്നത്. അതോടൊപ്പം മയ്യിച്ച ചെറിയപാലം മുതൽ 500 മീറ്ററോളം റോഡിന്റെ ഇരുവശവും വെള്ളക്കെട്ടു നിറഞ്ഞ ഗർത്തമാണ്. വളവും തിരിവുമുള്ള ഈ പാതയിൽ അപകടം പതിവാകുന്നതിനാൽ പാർശ്വങ്ങളിൽ സുരക്ഷാ വേലിയോ മറ്റു സംവിധാനങ്ങളൊ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും അധികൃതർ കനിഞ്ഞില്ല.
നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്നോണം റോഡിന്റെ വീതി കൂട്ടാനായി കുറച്ചു ചരൽ മണ്ണ് റോഡരികിൽ ഇറക്കിയിരുന്നുവെങ്കിലും അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. അതിനു ശേഷവും നിരവധി വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്. ചെറിയപാലം മുതൽ വലിയ പാലം വരെ റോഡിന്റെ ഇരുഭാഗവും ഉറപ്പുള്ള ഇരുമ്പു വേലിയോ, കോൺക്രീറ്റ് അരമതിലോ പണിതാലേ ഒരു പരിധി വരെയെങ്കിലും അപകടത്തെ ചെറുക്കാൻ കഴിയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്.