sanilkumar
അദ്ധ്യാപകനും ചിത്രകാരനുമായ സനിൽകുമാർ തന്റെ വയലിൽ കൃഷിപ്പണിക്കിടെ

തലശ്ശേരി: വയലിൽ ഇറങ്ങിയാൽ ഉശിരൻ കർഷകൻ, ക്ളാസ് മുറിയിലെത്തിയാൽ മാതൃകാദ്ധ്യാപകൻ,കാൻവാസിൽ ബ്രഷ് തൊട്ടാൽ രാജ്യമറിയുന്ന ചിത്രകാരൻ-പൊന്ന്യത്തെ കെ.കെ.സനിൽ കുമാർ ജീവിതത്തിൽ തൊട്ടതെല്ലാം എ.പ്ലസാണ്.
മാഹി പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ: ഹൈസ്‌കൂൾ അദ്ധ്യാപകനും പ്രമുഖ ചിത്രകാരനുമായ സനിൽകുമാർ പേരിന് വേണ്ടി വയലിൽ ഇറങ്ങുന്നയാളല്ല. തികഞ്ഞ കർഷകനായ അച്ഛൻ മണപ്പാട്ടി ഗോവിന്ദനോടൊപ്പം വിശാലമായ ചുണ്ടങ്ങാപൊയിലിലെ വയലിൽ കുഞ്ഞുനാളിലേ ഇറങ്ങിയതാണ്.പുലർച്ചെ ആറിന്് വയലിലെത്തുന്ന മാഷിന്റെ ദിവസത്തിലെ ആദ്യരണ്ടുമണിക്കൂർ കൃഷിക്കാണ്. പിന്നെ സ്‌കൂളിലെത്തും.തന്റെ വയലിൽ വിളയുന്ന ഉമ നെല്ല് സ്‌കൂൾ പറമ്പിലും വിളയിപ്പിച്ചെടുത്തിട്ടുണ്ട് ഇദ്ദേഹം.കുട്ടികളിൽ കാർഷിക സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിൽ നിർണായക ഇടപെടലും ഇദ്ദേഹത്തിൽ നിന്നുണ്ടായി. പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ വയലിൽ സുനിൽ മാഷിനൊപ്പം അഞ്ച് കൂട്ടായ്മകളിലായി അമ്പത് കർഷകരുണ്ടിപ്പോൾ. അതിൽ പലരും കൊവിഡ് കാലമായതിനാൽ കൃഷിയിലേക്ക് എത്തിയവരാണ്. ഇരുനൂറോളം വാഴകളും ഇദ്ദേഹത്തിനുണ്ട്.
കൃഷിയോടുള്ള അടുപ്പം സുനിൽകുമാറിന്റെ ചിത്രങ്ങളിലും പ്രതിഫലിക്കുന്നു. ലാൻഡ് സ്്‌കേപ്പുകളുടെ ചിത്രീകരണങ്ങളിൽ മിക്കതും സ്വന്തം നാട്ടുവഴികൾ തന്നെയാണ്.മഴയ്ക്ക് തൊട്ടുമുമ്പുള്ള മൂടിക്കെട്ടിയ പ്രകൃതി ഇദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങളിൽപെടുന്നു. കൃഷിക്കാരനാണ് ഏറ്റവും വലിയ കലാകാരനെന്നും കാർഷിക ജീവിതത്തിന്റെ സ്വാധീനം ചിത്രകലയിലും ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും സനിൽ മാഷ് പറഞ്ഞു.കേരളത്തിലാദ്യമായി ഒരു പഞ്ചായത്ത് തല ആർട്ട് ഗാലറിയുണ്ടാക്കാനും സ്വന്തം നാടിനെ ചിത്രകാര ഗ്രാമമാക്കി മാറ്റാനും ഇദ്ദേഹം മുന്നിൽ നിന്നു. ക്യാംലിൻ നേഷണൽ അവാർഡും സംസ്ഥാന സാക്ഷരതാ പോസ്റ്റർ അവാർഡും അദ്ധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന അവാർഡും ഉൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ഈ കലാകാരൻ ഫ്രാൻസ് ഉൾപ്പടെ നിരവധി രാജ്യങ്ങൾ ചിത്രകലാപഠനവുമായി ബന്ധപ്പെട്ട് സന്ദർശിച്ചിട്ടുണ്ട്. ചുണ്ടങ്ങാപ്പൊയിലിലെ വീട്ടിനകത്ത് സ്വന്തം ആർട്ട് ഗാലറിയും സ്റ്റുഡിയോയും സനിൽകുമാറിനുണ്ട്.

ചിത്രം:സനിൽകുമാർ തന്റെ കൃഷിയിടത്തിൽ