കണ്ണൂർ: കഴിഞ്ഞ അഞ്ചുമാസമായി അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ നാശത്തിന്റെ വക്കിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്നും ജീവനക്കാർക്ക് ശമ്പളം നൽകാനും വൈദ്യുതി ബിൽ അടക്കാനും കഴിയാതെ തീയേറ്റർ ഉടമകൾ ദുരിതത്തിലായിരിക്കുകയാണെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലിബർട്ടി ബഷീർ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ പറഞ്ഞു.
തീയേറ്ററുകൾക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതത്വത്തോടെ നഷ്ടമില്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുങ്ങണം. മൂന്ന് മാസത്തെ വൈദ്യുതിയുടെ ഫിക്സസ് ചാർജിൽ ഇളവ് അനുവദിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വന്ന വൈദ്യുതി ബിൽ അടക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഉടമകൾ.
വൈദ്യുതി ഫിക്സഡ് ചാർജ് 2021 മാർച്ച് വരെ ഒഴിവാക്കി തരണം. ഒരു വർഷത്തേക്ക് വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പഴയ സിനിമകൾ പ്രദർശിപ്പിച്ച് തീയേറ്ററുകൾ പഴയ നിലയിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നും സർക്കാർ സഹകരണം ഇതിന് അനിവാര്യമാണെന്നും നിവേദനത്തിൽ പറയുന്നു.