കണ്ണൂർ: ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ബലിപെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ. പള്ളികളിലെ സമൂഹ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ മാർഗ്ഗനിർദേശങ്ങൾ പ്രകാരം പരിമിതപ്പെടുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ സമൂഹപ്രാർത്ഥന അനുവദനീയമല്ല. 100 സ്‌ക്വയർ മീറ്റർ സ്ഥലത്ത് 10 പേർ എന്ന കണക്കിൽ പരമാവധി 100 പേരെ ഉൾപ്പെടുത്തി സമൂഹ പ്രാർത്ഥന അനുവദിക്കും.
ഉദുഹിയ്യത്ത് ആചരിക്കുമ്പോൾ ശരിയായ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ബലിപെരുന്നാൾ ചടങ്ങുകൾ വീടുകളിൽ മാത്രം ആചരിക്കേണ്ടതാണ്. വീടുകളുടെ പരിസരത്ത് ബലി പെരുന്നാളിനോടനുബന്ധിച്ച ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ, കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണം. ഈ ചടങ്ങുകളിൽ പരമാവധി അഞ്ച് പേർ മാത്രം പങ്കെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പനിയോ, പനിയുടെ ലക്ഷണങ്ങളോ, കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ, അല്ലെങ്കിൽ മറ്റ് കൊവിഡ് രോഗ ലക്ഷണങ്ങളോ ഉണ്ടായിരുന്നവർ ആരും തന്നെ സമൂഹ പ്രാർത്ഥനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കരുത്. ക്വാറന്റൈനിൽ കഴിയുന്നവർ യാതൊരു കാരണവശാലും സമൂഹ പ്രാർത്ഥനയിലോ ബലി പെരുന്നാൾ ചടങ്ങുകളിലോ പങ്കെടുക്കരുത്. ബന്ധു ഗൃഹ സന്ദർശനങ്ങളും മറ്റ് ഉല്ലാസയാത്രകളും ഒഴിവാക്കേണ്ടതാണെന്നും കളക്ടർ നിർദ്ദേശിച്ചു.