തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ കൊവിഡ് സമ്പർക്കം മൂലമുള്ള വ്യാപനം തുടരുന്നതായി വിവരം.പഞ്ചായത്തിൽ ഇന്നലെ 14 പുതിയ കൊ വിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൈക്കോട്ടുകടവ് ,ഉടുമ്പുതല ,ഇയ്യക്കാട് എന്നിവിടങ്ങളിലാണ് 12പുതിയ രോഗികളെ തിരിച്ചറിഞ്ഞത്. പഞ്ചായത്തിൽ 2 പേർക്കു കൂടി രോഗബാധയുള്ളതായി വിവരമുണ്ട്.
ഇതിൽ ഉടുമ്പുന്തല ഫാമിലി ഹെൽത് സെന്ററിൽ നടന്ന പരിശോധനയിലാണ് 8 പേർക്ക് കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞത്. മറ്റു നാലു പേർ ഈയ്യക്കാട്ടാണ്. ഇവിടെ ഒരു വീട്ടിലെ 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവിടെ ഒരു യുവതിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നുളള പരിശോധനയിൽ അവരുടെ കുട്ടിക്കും മാതാപിതാക്കൾക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവർ തൃക്കരിപ്പൂരിലെ രണ്ട് സ്റ്റേറ്റ് ബാങ്കുകൾ, ഫെഡറൽ ബാങ്ക്, എൽ.ഐ.സി.ഓഫീസ്, പോസ്റ്റാഫീസ് തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
ഈയ്യക്കാട്ട് ഇന്ന് ജാഗ്രതാ സമിതിയോഗം ചേർന്ന് നിയന്ത്ര ണങ്ങൾക്ക് രൂപം നൽകും. തൃക്കരിപ്പൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളടക്കം പൂർണ്ണമായും അടച്ചിടണമെന്ന ആവശ്യത്തിനു നേരെ പഞ്ചായത്ത് അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
പടന്നയിൽ അടച്ചിടൽ
പടന്നയിലെ വ്യാപാര സ്ഥാപനമടക്കം ഇന്നു മുതൽ മൂന്നു ദിവസങ്ങൾ പൂർണ്ണമായും അടച്ചിടാൻ പഞ്ചായത്ത് ജാഗ്രതാ സമിതി തീരുമാനം. പെരുന്നാൾ ദിവസമടക്കമുള്ള ദിവസങ്ങളിൽ ബന്ധുവീടുകളിലേക്കുള്ള സൗഹൃദ സന്ദർശനവും അനാവശ്യമായുള്ള പൊതു സ്ഥലങ്ങളിൽ കൂടിയിരിക്കുന്നതും നടക്കുന്നതിനും കർശനമായ നടപടി സ്വീകരിക്കും.10 വയസിനു താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും വീടുകൾക്ക് വെളിയിലിറങ്ങരുതെന്നും ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രതാ സമിതി അറിയിച്ചു.