vishnu
കപ്പലിൽ നിന്ന് കാണാതായ പി.വിഷ്ണു

കാസർകോട് : കയ്യൂർ സ്വദേശിയായ യുവനാവികനെ കപ്പലിൽ നിന്ന് കാണാതായതായ വിവരം.അരയാകടവ് പാലത്തിന് സമീപത്തെ കുമാരന്റെയും വത്സലയുടെയും രണ്ടാമത്തെ മകനായ പി.വിഷ്ണു(28) വിനെയാണ് കാണാതായത്. ഈ മാസം 23 ന് കുവൈറ്റിൽ നിന്ന് സൂയസ് കനാൽ വഴി ഉക്രൈനിലെ പാവ്ഡെന്നി എന്ന തുറമുഖത്തേക്കുള്ള യാത്രാമദ്ധ്യേ കരിങ്കടലിൽ വച്ചാണ് യുവാവിനെ കാണാതായത് .

എന്നാൽ ജൂലായ് 28 ന് രാവിലെ വിഷ്ണുവിനെ കാണാതായെന്നാണ് വീട്ടുകാരെ ഫോണിലൂടെ അറിയിച്ചത്. കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിലും വൈകിട്ടോടെ വിവരം അറിഞ്ഞു. മുംബൈ ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേൺഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ 'ജഗ് അജയ് ' എന്ന ബൾക്ക് കരിയർ കപ്പലിൽ ജോലിക്ക് ഹാജരാവാൻ ജൂലായ് 14 നാണ് വിഷ്ണു കണ്ണൂരിൽ നിന്ന് വിമാനത്തിൽ മുംബൈക്ക് പോകുന്നത്. അവധി കഴിഞ്ഞിട്ടും ലോക്ക് ഡൗൺ മൂലം ജോലിയിൽ പ്രവേശിക്കാനാവാതെ ആറു മാസം വീട്ടിലായിരുന്നു. മുംബൈയിൽ കൊവിഡ് ടെസ്റ്റും മറ്റു അനുബന്ധ ഒരുക്കങ്ങളും പൂർത്തിയായ ശേഷം 23 ന് ഈജിപ്തിൽ എത്തി ജോലിയിൽ പ്രവേശിച്ചു. കാറ്ററിംഗ് വിഭാഗത്തിൽ കുക്കായി അഞ്ചു ദിവസം മാത്രം ജോലി ചെയ്ത വിഷ്ണുവിനെ 28 ന് കപ്പലിൽ നിന്ന് കാണാതായെന്ന വിവരമാണ് കയ്യൂരിലെ വീട്ടുകാർക്ക് കിട്ടുന്നത്. കപ്പലിലും കപ്പൽ യാത്ര പിന്നിട്ട വഴിയിലൂടെയും തിരച്ചൽ നടത്തിയിട്ടും ആളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

കപ്പൽ യാത്രയിൽ ഒരു ജീവനക്കാരനെ കാണാതായാൽ ഒരു ദിവസം കടലിൽ തിരച്ചൽ നടത്തിയ ശേഷമാണ്‌ മിസിംഗ് ആണെന്ന് ആധികാരികമായി അധികൃതർ അറിയിക്കുന്നത് . 24 മണിക്കൂറിനകം ഈ വിവരം കാണാതായ ജീവനക്കാരന്റ അടുത്ത ബന്ധുക്കളെ അറിയിച്ചിരിക്കണമെന്നാണ് ചട്ടം.

ബൈറ്റ്

വിഷ്‌ണുവിന്റെ തിരോധാനം ദുരൂഹമാണ് .ജോലിക്ക് കയറി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ കാണാതായെന്നത് അവിശ്വസനീയമാണ്. ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തണം

പാലക്കുന്നിൽ കുട്ടി ,​(കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ പ്രസിഡന്റ്)