കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ കാരണം ജീവിതം വഴിമുട്ടിയ വഴിയോര വ്യാപാരികളെ സഹായിക്കുന്നതിനായി സർക്കാർ 10000 രൂപ വഴിയോര കച്ചവടക്കാർക്ക് ദേശീയ ബാങ്ക് മുഖേന വായ്പാ നൽകുന്ന പദ്ധതിക്ക് കാഞ്ഞങ്ങാട് തുടക്കം കുറിച്ചു. കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതി കേരളത്തിൽ കുടുംബശ്രീ വഴിയാണ് നടപ്പാക്കുന്നത്. ഒന്നാം ഗഡുവായി 10,000 രൂപയാണ് കച്ചവടക്കാർക്ക് വായ്പയായി നൽകുന്നത്. വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്ക് 7 ശതമാനം പലിശ സബ്സിഡി ലഭ്യമാക്കും. കാസർകോട് ജില്ലയിൽ 448 കച്ചവടക്കാർക്ക് ഇതുമൂലം സാമ്പത്തിക സഹായം ലഭിക്കും. തിരിച്ചറിയൽ കാർഡ് ലഭിച്ച എല്ലാ തെരുവ് കച്ചവടക്കാർക്കും ഈ പദ്ധതിവഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് ഇലക്ഷൻ ഐഡി കാർഡ്, ആധാർ കാർഡ്, നഗരസഭ നൽകിയ വഴിയോര കച്ചവട തിരിച്ചറിയൽ കാർഡ് വഴി www.udyamimitra.in എന്ന പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. ആന്ധ്ര ബാങ്കാണ് കാഞ്ഞങ്ങാട് വായ്പ്പ നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.വി.രമേശൻ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എൻ. ഉണ്ണികൃഷ്ണൻ, ഗംഗാ രാധാകൃഷ്ണൻ ,ടി.വി ഭാഗിരഥി, മഹമൂദ് മുറിയനാവി, നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, ബാങ്ക് മാനേജർ മിനു ആർ ശേഖരൻ, ജില്ലാ കോ-ഓർഡിനേറ്റർ ബൈജു, എം.ആർ ദിനേശൻ എന്നിവർ സംബന്ധിച്ചു.