കാസർകോട്: ത്യാഗസ്മരണകളിൽ വിശ്വാസികളുടെ ബലി പെരുന്നാൾ ആഘോഷം. കൊവിഡ് കാരണം ചെറിയ പെരുന്നാളിന് പള്ളികൾ അടച്ചിടേണ്ടി വന്നിരുന്നത് കൊണ്ട് വീടുകളിൽ തന്നെയായിരുന്നു വിശ്വാസികൾ പെരുന്നാൾ നമസ്‌ക്കാരം നടത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചതോടെ ബലി പെരുന്നാളിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്‌ക്കാരം നടത്തി. പെരുന്നാൾ നമസ്‌ക്കാരത്തിന് ശേഷം പതിവ് പോലെ നടത്താറുണ്ടായിരുന്ന ആലിംഗനം ചെയ്തും ഹസ്തദാനം നടത്തിയുമുള്ള ആശംസകൾ പൂർണ്ണമായും ഒഴിവാക്കി. ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഹജ്ജ് കർമം പോലും പരിമിതപ്പെടുത്തേണ്ടി വന്ന സാഹചര്യം പെരുന്നാൾ സന്ദേശത്തിൽ പണ്ഡിതർ ഊന്നി പറഞ്ഞു.
കാഞ്ഞങ്ങാട് ഞാണിക്കടവ് മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ ഖത്തീബ് ഇസ്മായീൽ ദാരിമി നമസ്‌ക്കാരത്തിന് നേതൃത്വം നൽകി. കാസർകോട്, ഉദുമ , മധൂർ, പടന്ന , മടക്കര തുടങ്ങിയ പള്ളികളിൽ സാനിറ്റൈസർ ഉൾപ്പടെ എല്ലാ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും അതത് പള്ളി നേതൃത്വങ്ങൾ ഒരുക്കിയിരുന്നു.