കണ്ണൂർ: എഴുത്തുപരീക്ഷ നടത്തി മാസങ്ങൾ പിന്നിട്ടിട്ടും ഐ.സി.ഡി.എസ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്‌മെന്റ്
സർവീസസ്) സൂപ്പർവൈസർ തസ്തികയിൽ നിയമനമായില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന തസ്തികയായ ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തികയിൽ സംസ്ഥാനത്താകെ നിലവിൽ 250ഓളം ഒഴിവുകളാണുള്ളത്. കസേരകൾ ഒഴിഞ്ഞുകിടക്കുന്നത് ഐ.സി.ഡി.എസിന്റെ പ്രവർത്തനങ്ങളെയാകെ ബാധിക്കുന്നതായാണ് പറയുന്നത്.
ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തികയിലേക്ക് 2018 ഡിസംബർ 29നാണ് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു വർഷത്തിനുശേഷം ജനുവരി നാലിനാണ് പരീക്ഷ നടന്നത്. 8491 പേർ പരീക്ഷ എഴുതി എങ്കിലും നിലവിൽ സാദ്ധ്യത പട്ടിക പോലും പ്രസിദ്ധീകരിച്ചില്ല. ജില്ലയിലും നിരവധി പേർ പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്നുണ്ട്.
തസ്തികയുടെ പരീക്ഷയ്ക്ക് ശേഷം നടത്തിയ പല തസ്തികകളിലേയും ഷോർട്ട് ലിസ്റ്റ് ഇടുന്നതിനെ കുറിച്ച് പി.എസ്.സി കമ്മിഷൻ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. ഐ.സി.ഡി.എസ് സൂപ്പർവൈസർ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനുള്ള കാലതാമസം നിയമനം അനിശ്ചിതത്വത്തിലേക്കെത്തിക്കുകയാണ്. സാമൂഹിക പ്രതിബദ്ധത ഏറെയുള്ള ഒരു തസ്തിക എന്ന നിലയിൽ നിയമനം ദ്രുതഗതിയിൽ ആകേണ്ടത് അത്യാവശ്യമാണ്.
ജോലിഭാരം കൂടി
സംസ്ഥാനത്താകെ 1327 സൂപ്പർവൈസർ തസ്തികകളാണ് നിലവിലുള്ളത്. അതിൽ 250ഓളം തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഒരു സൂപ്പർവൈസറുടെ കീഴിൽ 25 അംങ്കണവാടികളാണ് ഉള്ളത്. സംസ്ഥാനത്താകെ 33115 അംങ്കണവാടികളുണ്ട്. മേയിലെ റിട്ടയർമെന്റ് കൂടെ കഴിഞ്ഞപ്പോഴാണ് എല്ലാ കാറ്റഗറിയിലും കൂടെ ഏകദേശം 250 ൽ പരം സൂപ്പർവൈസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്.
ഒഴിവുകളുടെ എണ്ണം കൂടിയപ്പോൾ 25 അംങ്കണവാടി എന്നത് ഒരാൾക്ക് 30/31 എന്ന നിലയിൽ തന്നെ ആറ് അംങ്കണവാടികളുടെ അധികചുമതല ആയി കഴിഞ്ഞുവെന്നും പറയുന്നു. ആറ് സൂപ്പർവൈസർ തസ്തിക ഉള്ള ചില പ്രോജക്ട് ഓഫീസിൽ നിലവിൽ രണ്ട് സൂപ്പർവൈസർമാർ മാത്രമാണുള്ളത് ഉള്ളത്.
ഉത്തരവാദിത്വം വർദ്ധിച്ചു
ലോക് ഡൗൺ ആയതോടെ കുഞ്ഞുങ്ങളുടെ പോഷകാഹാരം, പഠനം, ആരോഗ്യം എന്നിവയുടെ മേൽനോട്ടം അംങ്കണവാടി ജീവനക്കാർക്ക് ഒപ്പമെത്തി ഉറപ്പാക്കേണ്ടത് സൂപ്പർവൈസർമാരാണ്. ഗർഭിണികൾ, രോഗിണികൾ എന്നിവരുടെ വിവരശേഖരണം, ചികിത്സ ഉറപ്പാക്കൽ എന്നിവയും സൂപ്പർവൈസർമാരുടെ ചുമതലയാണ്. കൊവിഡ് റാപ്പിഡ് റെസ്‌ക്യൂ ടീമിൽ അംഗങ്ങളായ ഐ.സി.ഡി.എസ് സൂപ്പർവൈസർ നിയമനത്തിൽ ഉള്ള കാലതാമസം കൊവിഡ് പ്രവർത്തനങ്ങൾക്കൊപ്പം വനിതാ ശിശു ക്ഷേമ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.
പ്രവർത്തനങ്ങൾ
ഒന്ന് മുതൽ ആറ് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കൽ
പ്രതിരോധ കുത്തിവയ്പ്പ്
കുഞ്ഞുങ്ങൾക്കുള്ള അനൗപചാരിക വിദ്യാഭ്യാസം
ആരോഗ്യ സംബദ്ധമായ പരിശോധനകൾ
ഗർഭികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഉള്ള സേവനങ്ങൾ
കിശോരി ശക്തി യോജന പദ്ധതി നടപ്പാക്കൽ