പഴയങ്ങാടി:കൊവിഡ് മഹാമാരി വിഘ്നം തീർത്തതോടെ കർക്കടക മാസത്തിലെ പതിനാറാം നാളിൽ ഇത്തവണ മാടായിക്കാവിൽ മാരി തെയ്യങ്ങൾ ഉറഞ്ഞാടില്ല. എല്ലാ വർഷവും കർക്കടകം 16ന് രാവിലെ പുലയ സമുദായത്തിലെ കാരണവരും പൊള്ളയും കോലധാരികളും കുളിച്ചുതൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയിൽ നിന്ന് വാങ്ങിച്ച് ഇവർക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകൾ തുടങ്ങിയിരുന്നത്.
മലനാടിനെ ബാധിച്ച ശനിയെ ഉച്ചാടനം ചെയ്യാൻ മഹാമാന്ത്രികർ പരാജയപ്പെട്ടിടത്ത് പുലയ സമുദായത്തിലുള്ള പൊള്ളയെ വിളിച്ചുവരുത്തി കർമ്മങ്ങൾ ചെയ്യിച്ച് നാട്ടിൽ ഐശ്വര്യവും സമൃദ്ധിയും വരുത്തിയെന്ന ഐതിഹ്യമാണ് മാരിത്തെയ്യങ്ങളുടേത്. കാവിൽ നിന്ന് കെട്ടി പുറപ്പെടുന്ന മാരി കരുവൻ, മാമാരികരുവൻ, മാരികലിച്ചി, മാമാരി കലിച്ചി, മാരിഗുളികൻ, മാമാരി ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങൾ നാട്ടിൽ ചുറ്റി സഞ്ചരിച്ചു ദുരിതങ്ങളെ ആവാഹിച്ച് ഉറഞ്ഞുതുള്ളി കടലിൽ ശനിയെ ഒഴുക്കുന്നതോടെയാണ് മാരിത്തെയ്യത്തിന്റെ സമാപനം.
നൂറുകണക്കിനു ഭക്ത ജനങ്ങൾ പങ്കെടുക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താൻ കഴിയാത്തതിനാലാണ് ചടങ്ങ് ഉപേക്ഷിച്ചത്.